
പതിനൊന്നുകാരിയെ സ്കൂളിലെ ശുചിമുറിയിൽ വച്ച് കൂട്ടബലാത്സംഗം ചെയ്ത് സീനിയർ വിദ്യാർഥികൾ. തലസ്ഥാന നഗരത്തിലെ കേന്ദ്രീയ വിദ്യാലയത്തിൽ ജൂലൈയിലായിരുന്നു സംഭവം. ഡിസിഡബ്ല്യു വിഷയത്തിൽ ഇടപെട്ടതിനെത്തുടർന്ന് കുട്ടിയുടെ കുടുംബം ഈ ആഴ്ച പൊലീസിനെ സമീപിച്ചിരുന്നു. സംഭവത്തിൽ ഡൽഹി വനിതാ കമ്മിഷൻ (ഡിസിഡബ്ല്യു) ഇടപെട്ടു.
കേസിൽ ഡിസിഡബ്ല്യു അധ്യക്ഷ സ്വാതി മാലിവാൽ ഡൽഹി പൊലീസിനും സ്കൂൾ പ്രിൻസിപ്പലിനും നോട്ടിസ് അയച്ചിട്ടുണ്ട്.‘പെൺകുട്ടി ക്ലാസ്മുറിയിലേക്കു പോകുമ്പോൾ 11ലും 12ലും പഠിക്കുന്ന രണ്ട് ആൺകുട്ടികളുമായി അബദ്ധത്തിൽ കൂട്ടിയിടിച്ചു. ക്ഷമാപണം നടത്തിയെങ്കിലും അവർ ബലമായി ശുചിമുറിയിൽ കയറ്റി വാതിലടയ്ക്കുകയും പീഡിപ്പിക്കുകയുമായിരുന്നെന്നാണ് കുട്ടി മൊഴി നൽകിയിരിക്കുന്നത്’– ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ഉപദ്രവിച്ച കാര്യം ടീച്ചറെ അറിയിച്ചെന്നും പിന്നീട് ആൺകുട്ടികളെ സ്കൂളിൽനിന്നു പുറത്താക്കിയെന്നു മറുപടി ലഭിച്ചെന്നുമാണ് അതിജീവിത പറയുന്നത്. എന്നാൽ സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താൻ സ്കൂൾ അധികൃതർ തയാറായില്ലെന്ന് ആരോപണമുയർന്നതിനെ തുടർന്ന് വനിതാ കമ്മിഷൻ സ്വമേധയാ കേസ് എടുക്കുകയായിരുന്നു. പീഡനവിവരം പൊലീസിൽ അറിയിക്കാതിരുന്ന ടീച്ചർക്കെതിരെ എന്തു നടപടിയെടുത്തുവെന്നും കമ്മിഷൻ ആരാഞ്ഞിട്ടുണ്ട്.
