സഹായത്തിനു ആരെ വിളിക്കും എന്നോർത്ത് പകച്ചുനിന്നു: കുറിപ്പുമായി അന്ന രാജൻ

മൊബൈൽ സിം മാറ്റുന്നതുമായി ബന്ധപ്പെട്ട ആവശ്യത്തിന് ടെലികോം സേവന കേന്ദ്രത്തിൽ പൂട്ടിയിട്ട സംഭവത്തില്‍ കൂടുതൽ വെളിപ്പെടുത്തലുമായി നടി അന്ന രാജൻ. സിം ഡ്യൂപ്ലിക്കേറ്റ് എടുക്കുന്ന വിഷയത്തെ തുടർന്നുണ്ടായ തർക്കമാണ് പ്രശ്നങ്ങൾക്ക് തുടക്കമെന്നും ഓഫിസിലെ ആളുകള്‍ മോശമായി പെരുമാറുന്ന വിഡിയോ എടുത്തതാണ് അവരെ ചൊടിപ്പിച്ചതെന്നും അന്ന പറയുന്നു. ഫോണിൽ എടുത്ത ഫോട്ടോ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടും അത് ചെയ്യാത്തതുകൊണ്ടാണ് അവർ റൂമിന്റെ ഷട്ടർ അടച്ച് തന്നെ ഭയപ്പെടുത്തിയതെന്നും അന്ന സമൂഹമാധ്യമത്തിലൂടെ പറഞ്ഞു.

അന്ന രാജന്റെ വാക്കുകൾ:

എനിക്കുണ്ടായ ദുരനുഭവത്തെ പറ്റി നിങ്ങൾ എല്ലാവരും അറിഞ്ഞു കാണും എന്നു അറിയാം. എങ്കിലും ഞാൻ തന്നെ വിവരങ്ങൾ പങ്കുവയ്ക്കുകയാണ്. സ്വകാര്യ ടെലികോം സേവന കേന്ദ്രത്തിന്റെ ഷോറൂമിൽ സിം ഡ്യൂപ്ലിക്കേറ്റ് എടുക്കാനായി ഞാൻ ഇന്ന് അവരുടെ ആലുവ ഓഫിസിൽ പോയിരുന്നു.അതിനോട് ബന്ധപ്പെട്ട കാര്യങ്ങൾ പ്രോസസ്സ് ചെയ്യുന്നതിനോട് ബന്ധപ്പെട്ട് അവിടത്തെ സ്റ്റാഫുകളിൽ നിന്ന് എനിക്ക് വളരെ മോശം പെരുമാറ്റം നേരിടേണ്ടി വന്നു.

അവിടുത്തെ ലേഡി മാനേജർ എന്റെ സംശയങ്ങളോട് മോശമായി പ്രതികരിക്കുന്നത് കണ്ടപ്പോൾ അത് കസ്റ്റമർ കെയറിൽ റിപ്പോർട്ട്‌ ചെയ്യുന്നതിനായി ഞാൻ അവിടെ നടന്നത് ഫോണിൽ പകർത്തി. ഞാൻ എടുത്ത ഫോട്ടോ ഡിലീറ്റ് ആകാതെ എന്നെ പുറത്തു വിടില്ല എന്നും പറഞ്ഞു അവിടെ ഉണ്ടായിരുന്ന മാനേജർ ലേഡി പറഞ്ഞതിനെ തുടർന്നു സ്റ്റാഫ്‌ ചേർന്നു ഷോറൂമിന്റെ ഷട്ടർ താഴ്ത്തി. ഫോട്ടോ ഡിലീറ്റു ചെയ്യാതെ പുറത്തുപോകാൻ ആവില്ലെന്ന് പറഞ്ഞു എന്നെ പിടിച്ചുവലിച്ചു മാറ്റുകയും ചെയ്തു. തുടർന്നു ഷട്ടർ തുറന്നു എന്നെ പോകാൻ അനുവദിക്കണം എന്നും എന്നാൽ ഞാൻ ഫോട്ടോ ഡീലീറ്റ് ചെയ്തോളാം എന്നും അഭ്യർഥിച്ചു.

എന്നാൽ ഞാൻ പറഞ്ഞതൊന്നും വകവെക്കാതെ പുച്ഛഭാവത്തിലായിരുന്നു ഫോണിൽ ജീവനക്കാർ. മറ്റു കസ്റ്റമേഴ്സിന് ബുദ്ധിമുട്ടിക്കാതെ ഷട്ടർ തുറന്ന് പ്രവർത്തിക്കണം എന്നും പൊലീസ് വന്നിട്ടു ഞാൻ ഇറങ്ങിക്കോളാം എന്നും ഞാൻ അവരെ അറിയിക്കുകയും ചെയ്തു. ഉള്ളത് പറഞ്ഞാൽ പ്രതീക്ഷിക്കാതെ ഉണ്ടായ ഈ ഒരു അനുഭവത്തിൽ ഞാൻ വല്ലാതെ പേടിച്ചു എന്നു തന്നെ പറയാം. സഹായത്തിനു ആരെ വിളിക്കും എന്നു പകച്ചു നിന്നപ്പോൾ തോന്നിയ ധൈര്യത്തിന് എന്റെ പപ്പയുടെ കൂട്ടുകാരും സഹപ്രവർത്തകരുമായ രാഷ്ട്രീയ പ്രവർത്തകരെ വിളിച്ചു. (പപ്പ മരിക്കുന്നതുവരെ കോൺഗ്രസ്‌ പ്രവർത്തകനും, ആലുവയിൽ കൗൺസിലർ ആയി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ്)

തുടർന്നു അവരുടെയെല്ലാം സഹായത്തോടെ ആലുവ പൊലീസ് സ്റ്റേഷനിൽ ചെല്ലുകയും, രേഖമൂലം പരാതി കൊടുക്കുകയും ചെയ്തു. മണിക്കൂറുകൾക്ക് ശേഷം ഷോറൂം ജീവനക്കാർ നേരിട്ട് പൊലീസ് സ്റ്റേഷനിൽ എത്തി നടന്ന കാര്യങ്ങളിൽ ഖേഃദം പ്രകടിപ്പികുകയും മാപ്പ് പറയുകയും ചെയ്തു.

എനിക്ക് ഇന്നു സംഭവിച്ചത് ഇനി ഒരാൾക്ക്‌ സംഭവിക്കരുത് എന്നാണ്. ഒരു ആവശ്യത്തിനായി കസ്റ്റമർ സമീപിക്കുമ്പോൾ ഇങ്ങനെ പെരുമാറുന്നത് മോശം ആണ്. അക്രമവും, ഗുണ്ടായിസവും ഒന്നിനും പരിഹാരമല്ലല്ലോ. ഒരാൾക്കും ഈ അവസ്ഥ നേരിടേണ്ടി വരരുത്. എല്ലാവരും തുല്യരാണ്. ഒരു നടിയാണ് എന്നു വെളിപെടുത്തികൊണ്ടല്ല ഞാൻ അവിടെ പോയത്, സാധാരണ കസ്റ്റമർ ആയിട്ടാണ്. ആ നിമിഷം എനിക്കുണ്ടായ വേദന, അതുപോലെ ഈ ചെയ്തത് തെറ്റാണെന്ന അവരുടെ തിരിച്ചറിവിന് വേണ്ടിയാണ് പരാതി കൊടുത്തത്. ഈ പ്രശ്നത്തിന്റെ പേരിൽ അവിടെ ജോലി ചെയ്യുന്ന ആരുടെയും ജീവിതം തകർക്കണമെന്നോ അവരുടെ ജോലിയെ ഇതു ബാധിക്കണമെന്നോ എനിക്കില്ല.

ഒരു നിമിഷത്തേക്ക് ഭയന്നുപോയെങ്കിലും എന്റെ അവകാശങ്ങളിൽ ഉറച്ചു നിൽക്കാൻ പപ്പയുടെ സ്ഥാനത്തു നിന്നു എനിക്ക് കരുതൽ തന്നു കൂടെ നിന്ന രാഷ്ട്രീയ പ്രവർത്തകർക്കും നേതാക്കൾക്കും, വേണ്ട ലീഗൽ സപ്പോർട്ട് തന്ന പൊലീസിനും മാധ്യമ പ്രവർത്തകർക്കും ഒരുപാട് നന്ദി.

സഹായത്തിനു ആരെ വിളിക്കും എന്നോർത്ത് പകച്ചുനിന്നു: കുറിപ്പുമായി അന്ന രാജൻ
സഹായത്തിനു ആരെ വിളിക്കും എന്നോർത്ത് പകച്ചുനിന്നു: കുറിപ്പുമായി അന്ന രാജൻ

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes