
‘
മലയാളി സിനിമാ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നിരവധി താര ജോഡികള്‍ ഉണ്ടായിട്ടുണ്ട്. അവരില്‍ പലരും സിനിമയില്‍ നിന്ന് ജീവിതത്തിലേക്കും ഒന്നിച്ച് യാത്ര ചെയ്തവരാണ്. അതില്‍ ഏറെ പ്രിയപ്പെട്ട രണ്ടുപേരാണ് ബിജു മേനോനും സംയുക്ത വര്‍മയും.
എന്നാല്‍ വിവാഹത്തിന് ശേഷം സംയുക്ത അഭിനയം അവസാനിപ്പിച്ചത് പ്രേക്ഷകരെ ഏറെ നിരാശപ്പെടുത്തി. പിന്നീട് ചില പരസ്യ ചിത്രങ്ങളില്‍ മാത്രമാണ് നമ്മള്‍ സംയുക്തയെ കണ്ടത്. സംയുക്ത തിരിച്ചുവരുന്നു എന്ന വാര്‍ത്ത കേള്‍ക്കാന്‍ ഏറെ കാത്തിരുന്നിട്ടുമുണ്ട്.
അഭിനയിക്കാന്‍ എന്നെക്കാള്‍ മടിയുള്ള ആളാണ് സംയുക്ത. ഇപ്പോള്‍ യോഗ പരിശീലനമൊക്കെ ആയി നടക്കുകയാണ്. അത് അവരുടെ തീരുമാനമാണ്. എപ്പോള്‍ വേണമെങ്കിലും അഭിനയിക്കാം. ഇഷ്ടപ്പെട്ട കഥാപാത്രം വന്നാല്‍ ചെയ്യാം എന്നാണ് ഭാര്യയുടെ രണ്ടാം വരവ് ഉണ്ടാകുമോയെന്ന് ചോദിച്ചപ്പോൾ ബിജു മേനോന്‍ ഒരിക്കൽ പറഞ്ഞത്.
യോഗ പഠനവുമായി ബന്ധപ്പെട്ട് തിരക്കുകളില്‍ മുഴുകിയ സംയുക്ത ഇപ്പോള്‍ യോഗയില്‍ സര്‍ട്ടിഫൈഡ് ഇന്‍സ്ട്രക്ടറാണ്. പതിനഞ്ച് വര്‍ഷത്തോളമായി സംയുക്ത യോഗ ചെയ്യാന്‍ തുടങ്ങിയിട്ട്.
സംയുക്ത യോഗ ചെയ്യുന്ന ദൃശ്യങ്ങള്‍ കുറച്ചുനാളുകള്‍ക്ക് മുമ്പ് സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഇരുവർക്കും ഒരു മകനാണുള്ളത്. ഇപ്പോഴിത ഭാര്യ സംയുക്തയ്ക്കൊപ്പമുള്ള ചില രസകരമായ അനുഭവങ്ങൾ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ബിജു മേനോൻ.
‘സംയുക്തയുമൊത്ത് ഒരിക്കൽ തൃശൂര് നിന്ന് എറണാകുളത്തേക്ക് പോവുകയാണ്. ഡ്രൈവിങ് സീറ്റിൽ സംയുക്തയാണ്. യാത്ര തുടങ്ങിയപ്പോൾ മുതൽ ഞാൻ ഇടപെട്ട് തുടങ്ങി. ചിന്നൂ ബ്രേക്ക് ചെയ്യൂ.. ബ്രേക്ക്.. ആ ടിപ്പർ ഭായിയെ ശ്രദ്ധിക്കണേ. ഈ ഓട്ടോ ചിലപ്പോൾ റോങ്സൈഡിൽ വരും. ഓവർ ടേക് ചെയ്യൂ.. വേഗം.’
‘സംയുക്ത നന്നായി ഡ്രൈവ് ചെയ്യുന്നയാളാണ്. അറിയാഞ്ഞിട്ടല്ല. എങ്കിലും ഒരു ടെൻഷൻ. ഡ്രൈവിങ് അറിയാവുന്നവർ മുമ്പിലിരുന്നാൽ ഓടിക്കുന്നവർക്ക് പണി കിട്ടുമെന്നാണല്ലോ. ആദ്യമൊന്നും മൈൻഡ് ചെയ്യാതിരുന്ന സംയുക്ത കുറെക്കഴിഞ്ഞപ്പോൾ ഒരു പാട്ട് മൂളാൻ തുടങ്ങി… തനനാന താനാ താനാ തനനന.’
‘ഇത് എവിടെയോ കേട്ടിട്ടുണ്ടല്ലോ… ആലോചിച്ചു. തനനാന നാന നാനന.. തനനാന നാന നാനന… കാര്യം മനസിലായി. അഴകിയ രാവണൻ. സംഗീത സംവിധായകനെ പാട്ട് പഠിപ്പിക്കാൻ നോക്കുന്ന മമ്മൂട്ടിയോട് കുഞ്ചൻ പറയുന്ന ഡയലോഗ് ഓർമ വന്നു. എന്നാപ്പിന്നെ താൻ ചെയ്യ്… അന്ന് നിർത്തി ഇടപെടൽ.’
‘എന്നിട്ടും ഫ്രണ്ട് സീറ്റിൽ ഇരിക്കുമ്പോൾ സ്വയം ബ്രേക്കും ക്ലച്ചും ചവിട്ടാറുണ്ട് സംയുക്ത അറിയാതെ. ഓവർ കെയറിങ് അല്ല. നമ്മുടെ ലൈഫല്ലേ പ്രധാനം. യാത്രകളും ഡ്രൈവിങ്ങും ഒരുപാട് ഇഷ്ടമുള്ളയാളാണ്.’
‘
