ഡിജിറ്റൽ ലഹരി; ജീവനൊടുക്കിയത് 41 കുട്ടികൾ
കോഴിക്കോട്: മൊബൈൽ ഫോൺ, ഇന്‍റർനെറ്റ് എന്നിവയുടെ ദുരുപയോഗവും അമിത ആസക്തിയും കാരണം കഴിഞ്ഞ നാല് വർഷത്തിനിടെ സംസ്ഥാനത്ത് ജീവനൊടുക്കിയത് 41 കുട്ടികൾ. ‘ഡിജിറ്റൽ ലഹരി’ എന്ന ഈ സാമൂഹിക വിപത്തിന്‍റെ ആഴം വ്യക്തമാക്കുന്ന കണക്കുകൾ നിയമസഭയിൽ കെ.ജെ. മാക്സി എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയനാണ് അവതരിപ്പിച്ചത്.ഇ- കൊക്കയിൻ എന്ന അപകടകാരിഡിജിറ്റൽ ഉപകരണങ്ങളുടെ അമിതോപയോഗം കുട്ടികളുടെ മസ്തിഷ്കത്തെ മയക്കുമരുന്നുകൾക്ക് സമാനമായ രീതിയിൽ ബാധിക്കുന്നുവെന്ന് സമീപകാല പഠനങ്ങൾ വെളിപ്പെടുത്തുന്നു. അപകടകരമായ ഈ അവസ്ഥയെ പല വിദഗ്ധരും ‘ഇലക്ട്രോണിക് കൊക്കെയ്ൻ’, ‘ഡിജിറ്റൽ ഹെറോയിൻ’ എന്നിങ്ങനെയാണ് വിശേഷിപ്പിക്കുന്നത്.അമിത മൊബൈൽ ഗെയിമിങ്ങും ഇന്‍റർനെറ്റ് ഉപയോഗവും കുട്ടികളിൽ ആത്മഹത്യ ചിന്തകൾ വർധിപ്പിക്കുന്നതായും അനിയന്ത്രിത സ്ക്രീൻ ടൈം സാധാരണ ജീവിതക്രമം താളം തെറ്റിക്കുന്നതായും വിദഗ്ധർ പറയുന്നു. ഇതുമൂലം കുട്ടികളിൽ പഠനത്തിൽ ശ്രദ്ധക്കുറവ്, അമിതദേഷ്യം, വിട്ടുമാറാത്ത അസ്വസ്ഥതകൾ, ഏകാന്തനാകാനുള്ള പ്രവണത, ഉറക്കമില്ലായ്മ എന്നിവ ഉണ്ടാകുന്നു. മൊബൈൽ ഉപയോഗത്തിൽ മാതാപിതാക്കൾ നിയന്ത്രണം ഏർപ്പെടുത്തുകയോ ഫോൺ പിടിച്ചെടുക്കുകയോ ചെയ്യുമ്പോൾ ഉണ്ടാകുന്ന കടുത്ത മാനസിക സംഘർഷമാണ് പലപ്പോഴും കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. കുറ്റകൃത്യങ്ങളിലേക്കും വഴിമാറിഡിജിറ്റൽ ദുരുപയോഗം കുട്ടികളെ ലഹരി ഉപയോഗം പോലുള്ള ഗുരുതര കുറ്റകൃത്യങ്ങളിലേക്കും തള്ളിവിടുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. മൊബൈൽ ദുരുപയോഗവുമായി ബന്ധപ്പെട്ട് ലഹരി ഉപയോഗം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 30 കുട്ടികൾക്കെതിരെയാണ് ഇക്കാലയളവിൽ നിയമ നടപടി സ്വീകരിച്ചത്.വിമോചനത്തിനായി ആറ് കേന്ദ്രങ്ങൾഈ ഡിജിറ്റൽ ലഹരിയിൽ നിന്ന് കുട്ടികളെ മോചിപ്പിക്കാൻ സംസ്ഥാന സർക്കാർ ആറ് ഡിജിറ്റൽ ലഹരി വിമോചന കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. തിരുവനന്തപുരം (പേരൂർക്കട), കൊച്ചി സിറ്റി (മട്ടാഞ്ചേരി-കോമ്പാറ), തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് നിലവിൽ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.ചികിത്സയും പരിവർത്തനവുംഈ കേന്ദ്രങ്ങളിലെ ചികിത്സയിലൂടെ ഇതുവരെ 1189 കുട്ടികളെയാണ് വിജയകരമായി സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്. നിലവിൽ 275 കുട്ടികൾ വിവിധ കേന്ദ്രങ്ങളിലായി ചികിത്സ തേടുന്നുണ്ട്.





