കാസർകോട് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, ഏതാനുംപേർക്ക് ഗുരുതര പരിക്ക്
കുമ്പള (കാസർകോട്): അനന്തപുരത്തെ പ്ലൈവുഡ് ഫാക്ടറിയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് വൻ ദുരന്തം. ഒരാൾ മരിച്ചു. ഏതാനുംപേർക്ക് ഗുരുതരമായി പരിക്കേറ്റു. നിരവധിപേർ ഫാക്ടറിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായും പറയുന്നു. തിങ്കളാഴ്ച വൈകീട്ട് ഏഴേ കാലോടെയാണ് സംഭവം. എറണാകുളം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഡെക്കർ എന്ന പ്ലൈവുഡ് ഫാക്ടറിയിലാണ് സ്റ്റീമർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. ഏകദേശം മുന്നൂറോളം പേർ വിവിധ സമയങ്ങളിലായി ഇവിടെ ജോലി ചെയ്യുന്നതായാണ് പറയുന്നത്. നിരവധിപേർക്ക് പരിക്കേറ്റതായും പറയുന്നു. അപകടം നടക്കുന്ന സമയത്ത് ഏകദേശം ഇരുപതോളം പേർ ജോലി ചെയ്തിരുന്നതായാണ് സംശയം.മരിച്ച അസം സിംഗ്ലിമാര സ്വദേശി നസീറുൽ (19) എന്നയാളുടെ മൃതദേഹം കുമ്പളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ നാലോളം പേരെ മംഗളൂരുവിലെ ആശുപത്രിയിലേക്കും രണ്ടുപേരെ കുമ്പള ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു.





