
കൊച്ചി: എറണാകുളം പുത്തൻവേലിക്കരയിൽ 4 വയസുകാരിയെ പീഡിപ്പിച്ച കേസിൽ സിനിമ മേക്കപ്പ്മാനും പ്രാദേശിക സിപിഎം പ്രവർത്തകനുമായ സുബ്രഹ്മണ്യനെ ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തു. ബ്രാഞ്ച് അംഗമായ സുബ്രഹ്മണ്യനെ കഴിഞ്ഞ ദിവസം പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. സുഹൃത്തിന്റെ മകളായ നാല് വയസുകാരിയെ പീഡിപ്പിച്ചു എന്നാണ് സുബ്രഹ്മണ്യനെതിരെയുള്ള കേസ്. കേസിൽ എഫ്ഐആർ തയ്യാറാക്കിയത് ചെങ്ങമനാട് പൊലീസാണ്. അതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു സുബ്രഹ്മണ്യൻ. സിപിഎം സുബ്രഹ്മണ്യനെ സംരക്ഷിക്കുകയാണ് എന്ന തരത്തിലുള്ള പ്രാദേശികമായി കോൺഗ്രസ് അടക്കം ആരോപണം ഉന്നയിച്ചിരുന്നു. കുടുംബവും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ഇന്നലെ സുബ്രഹ്മണ്യനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. ഇന്ന് ചെങ്ങമനാട് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. നാലു വയസുകാരിയെ പീഡിപ്പിച്ചത് ചോദ്യം ചെയ്ത കുഞ്ഞിന്റെ പിതാവിനെ സുബ്രഹ്മണ്യനും കുടുംബവും ചേർന്ന് മർദിച്ചതായും ആരോപണമുണ്ട്. ഇയാൾ മേക്കപ്പ് കലാകാരൻമാരുടെ സംഘടനയും സംസ്ഥാന തല ഭാരവാഹി കൂടിയാണ്.
