Site icon Newskerala

ഒട്ടേറെ സസ്പെൻസുകൾ നിറച്ച ചിത്രം; ‘വേറെ ഒരു കേസ്’ ന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘വേറെ ഒരു കേസ്’ ന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറക്കി. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് പോസ്റ്റർ പുറത്തിറക്കിയത്. സാമൂഹിക പ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്യുന്ന ചിത്രത്തിന് വിദ്യാഭ്യാസമന്ത്രി വിജയാശംസകൾ നേർന്നു.
ഏറെ പ്രത്യേകതകൾ നിറഞ്ഞ ഒരു എക്സ്പിരിമെന്റൽ ചിത്രമായാണ് ‘വേറെ ഒരു കേസ്’ അണിയറയിൽ ഒരുങ്ങുന്നത്. വിജയ് നെല്ലിസ്, അലൻസിയർ, ബിന്നി സെബാസ്റ്റ്യൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ കുറച്ചുനാളത്തെ ഇടവേളക്ക് ശേഷം അലൻസിയർ ശക്തമായ കഥാപാത്രവുമായി എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്.
വേറെ ഒരു കേസിന് വേണ്ടി ശരീരഭാരം കുറച്ച അലൻസിയറുടെ ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ വൻ വിവാദമായിരുന്നു. അലൻസിയർ നേരിട്ട സൈബർ ആക്രമണങ്ങൾക്കെതിരെ സംവിധായകൻ ഷെബി ചൗഘട്ട് രംഗത്തെത്തിയിരുന്നു. ഗുരുവായൂരിലെ ബാസുരി ഇന്നിന്റെ ഉടമസ്ഥൻ ഫുവാദ് പനങ്ങായ് ആണ് വേറെ ഒരു കേസ് നിർമ്മിക്കുന്നത്. സുധീർ ബദർ, ലതീഷ്, സെന്തിൽ കുമാർ എന്നിവരാണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്സ്.
ഷെബി ചൗഘട്ടിന്റെ കഥയ്ക്ക് ഹരീഷ് വി എസ് തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നു. ഛായാഗ്രഹണം രജീഷ് രാമൻ. എഡിറ്റിംഗ് അമൽ ജി സത്യൻ. സംഗീതം ആന്യ മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ. പി. ആർ. ഒ. ബിജിത്ത് വിജയൻ. ടൂറിസ്റ്റ് ഹോം പോലെയുള്ള പരീക്ഷണ ചിത്രങ്ങളും, കാക്കിപ്പട പോലെയുള്ള സാമൂഹിക പ്രസക്തിയുള്ള ചിത്രങ്ങളും പ്രേക്ഷകർക്ക് സമ്മാനിച്ച ഷെബി ചൗഘട്ടിന്റെ മറ്റൊരു മികച്ച ചിത്രമാവും ‘വേറെ ഒരു കേസ്’ എന്ന് പ്രതീക്ഷിക്കാം.

Exit mobile version