Site icon Newskerala

പുലർച്ചെ ജോലി കഴിഞ്ഞ് മടങ്ങവെ കലുങ്ക്​ നിർമാണത്തിനെടുത്ത കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

നെടുമങ്ങാട്: കലുങ്ക്​ നിർമാണത്തിനെടുത്ത കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന കരകുളം പാലം ജംഗ്ഷൻ ഗോവിന്ദ് ഭവനിൽ ആകാശ് മുരളി (30) ആണ് മരിച്ചത്.തിരുവനന്തപുരം-തെങ്കാശി റോഡിൽ നാലുവരിപ്പാത നിർമാണം നടക്കുന്ന വഴയില പുരവൂർകോണത്താണ് വ്യാഴാഴ്ച്ച രാത്രി 1.30 ഓടെ അപകടമുണ്ടായത്. കരകുളം ഏണിക്കര ദുർഗാ ലൈൻ ശിവശക്തിയിൽ വാടകക്ക് താമസിക്കുകയായിരുന്നു ആകാശ് മുരളി. തിരുവനന്തപുരത്ത് പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.സ്കൂട്ടർ കുഴിയിലേക്ക് വീണപ്പോൾ ആകാശ് പകുതി നിർമിച്ച കലുങ്കിന് മുകളിലെ കോൺക്രീറ്റ് സ്ലാബിൽ തലയടിച്ചു വീഴുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.മുരളീധരന്റെയും പ്രഭാ മുരളിയുടെയും മകനാണ്. ഭാര്യ: ഫെബി. മകൾ: എല്ല.

Exit mobile version