> മലപ്പുറം മേല്‍മുറിയിലെ ആല്‍പ്സ് ഡോപ ഇന്റര്‍നാഷണല്‍ സയന്‍സ് അക്കാദമിയിലാണ് സംഭവം
മലപ്പുറം : എൻട്രൻസ് പരിശീലന കേന്ദ്രത്തിൽ പ്ലസ് വൺ വിദ്യാർത്ഥിയെ സഹപാഠി കത്തി കൊണ്ട് കുത്തി വീഴ്ത്തി. വാരിയെല്ലിനും കഴുത്തിലുമായി നാല് കുത്തേറ്റ പതിനാറുകാരൻ ഗുരുതരാവസ്ഥയിൽ പെരിന്തൽമണ്ണ ആശുപത്രിയിൽ ചികിത്സയിലാണ്.
മലപ്പുറം മേൽമുറിയിലെ ആൽപ്സ് ഡോപ ഇന്റർനാഷണൽ സയൻസ് അക്കാദമിയിലാണ് സംഭവം. പെരിന്തൽമണ്ണ തച്ചിങ്ങനാടം സ്വദേശിയായ പതിനാറുകാരനാണ് ആക്രമണത്തിൽ പരിക്കേറ്റത്. അതിതീവ്ര പരിചരണത്തിലായിരുന്ന കുട്ടി അപകട നില തരണം ചെയ്തിട്ടുണ്ട്.
പ്ലസ് വൺ, പ്ലസ്ട പഠനത്തിനൊപ്പം എൻട്രൻസ് പരിശീലനവും നൽകുന്ന സ്ഥാപനമാണ് ആൽപ്സ് ഡോ ഇന്റർനാഷണൽ അക്കാദമി. മെഡിക്കൽ കോളജിലെ ഡോക്ടർമാർ ഉൾപ്പടെ ചേർന്നാണ് സ്ഥാപനം നടത്തുന്നത്.
വൈകുന്നേരം സ്റ്റഡി ഹാളിലിരുന്ന പഠിക്കുന്നതിനിടെ പുറകിലൂടെ എത്തിയ അക്രമി ചുറ്റിപ്പിടിച്ച് തുടർച്ചയായി കുത്തുകയായിരുന്നു. വാരിയിൽ മൂന്ന് കുത്തും കഴുത്തിൽ ഒരു കുത്തുമാണ് ഏറ്റത്. മുറിയിലുണ്ടായിരുന്ന മറ്റ് കുട്ടികൾ നിലവിളിച്ചതോടെ കൂടുതൽ വിദ്യാർത്ഥികളും സ്ഥാപനത്തിലെ ജീവനക്കാരും ഓടിയെത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
കുട്ടി ഐ.സി.യുവിൽ ആയിരുന്നു. അപകടനില തരണം ചെയ്തതോടെ മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. കുത്താനുപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു.
പഠന നിലവാരത്തിന് അനുസരിച്ച് രണ്ട് ബാച്ചുകളായി തിരിച്ചാണ് സ്ഥാപനത്തിൽ പഠനം നടക്കുന്നത്. കുത്തേറ്റ വിദ്യാർത്ഥി പഠനത്തിൽ മിടുക്കനും കുത്തിയ വിദ്യാർത്ഥി പഠനത്തിൽ പിന്നോക്കക്കാരനുമാണ്.
അക്രമി ആലപ്പുഴ സ്വദേശിയാണ്. പൂജാ അവധിക്ക് നാട്ടിൽ പോയി വരുമ്പോൾ കൊണ്ടു വന്ന കത്തിയാണ് സഹപാഠിയെ കുത്തിവീഴ്ത്താൻ ഉപയോഗിച്ചിരിക്കുന്നത്. ആക്രമണത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. സംഭവത്തെ തുടർന്ന് അക്രമിയായ വിദ്യാർത്ഥിയെ സ്ഥാപനത്തിൽ നിന്ന് പുറത്താക്കി. സംഭവത്തിൽ മലപ്പുറം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
എല്ലാ ദിവസവും വൈകുന്നേരം ആറ് മണി മുതലാണ് സ്ഥാപനത്തിന്റെ സ്റ്റഡി ഹാളിൽ വിദ്യാർത്ഥികൾ പഠിക്കാനെത്താറുള്ളത്. കുത്തേറ്റ വിദ്യാർത്ഥി അഞ്ചരയോടെ ഹാളിലെത്തിയിരുന്നു. അതിനാൽ കൂടുതൽ വിദ്യാർത്ഥികൾ സംഭവ സമയം ഹാളിലുണ്ടായിരുന്നില്ല. അടുത്ത ദിവസം പരീക്ഷ നടക്കുന്നത് കണക്കിലെടുത്തായിരുന്നു വിദ്യാർത്ഥി നേരത്തെ എത്തിയത്. ഇതിനിടെ കത്തിയുമായി എത്തിയ അക്രമി യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.