CrimeKerala

ചേർത്തലയിൽ പന്ത്രണ്ട് വയസുകാരിക്ക് നേരെ അതിക്രമം; പ്രതിക്ക് ഒന്‍പത് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി

ചേർത്തല: കൂട്ടുകാരന്‍റെ മകളായ 12 വയസുകാരിക്കു നേരേ അതിക്രമം കാട്ടിയതിനു കുത്തിയതോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിക്കു ഒമ്പതുവർഷം തടവും 75000 പിഴയും കോടതി ശിക്ഷ വിധിച്ചു. തുറവൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് കളത്തിപറമ്പിൽ ഷിനു (ജോസഫ്-45) വിനെയാണ് ചേർത്തല പ്രത്യേക അതിവേഗ പോക്സോ കോടതി മൂന്നു വകുപ്പുകളിലായി ശിക്ഷിച്ചത്. 2022 ലാണ് കേസിനാസ്പദമായ സംഭവം. അച്ഛനുമമ്മയും മരണവീട്ടിൽ പോയ സമയത്ത് വീട്ടിലെത്തിയ പ്രതി, കുട്ടിക്കു നേരേ അതിക്രമം നടത്തിയെന്നാണ് കേസ്. ചേർത്തല എ എസ്‌ പിയായിരുന്നു ജുവനക്കുടി മഹേഷ്, ഡി വൈ എസ്‌ പി ടി ബി വിജയൻ, കുത്തിയതോട് സബ്ബ് ഇൻസ്പക്ടർ ജി അജിത്കുമാർ, ഗ്രേഡ് എസ് ഐ മാരായ സി ടി ബിനു, വി ബി അജികുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ബീനാകാർത്തികേയൻ, അഡ്വ. വി എൽ ഭാഗ്യലക്ഷ്മി എന്നിവർ ഹാജരായി. വെള്ളിയാഴ്ച ഉച്ചക്കുശേഷം കോടതി ഉത്തരവു വന്നതിനു പിന്നാലേ കോടതിയിലെ ശൗചാലയത്തിൽ കയറിയ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. കൈയിൽ കരുതിയിരുന്നു ഉറുമ്പുപൊടി പോലുള്ള പൊടി കഴിച്ചതായാണ് വിവരം. ചുമക്കുന്നതുകേട്ട് പുറത്തുകാവലുണ്ടായിരുന്ന പൊലീസുകാരൻ അടിയന്തിരമായി ഇയാളെ പുറത്തെത്തിച്ച് പ്രാഥമിക നടപടികളെടുത്ത് ആലപ്പുഴ മെഡിക്കൽ കോളേജിലേക്കു മാറ്റി. നിലവിൽ ഇയാൾക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കർശന നിരീക്ഷണത്തിൽ ചികിത്സ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.  

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button