Site icon Newskerala

കാലുകള്‍ക്ക് ചലനശേഷിയില്ലാത്ത യുവതിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചു; പ്രതിയെ പിടികൂടി കെട്ടിയിട്ട് മര്‍ദിച്ച് നാട്ടുകാര്‍

ബംഗളൂരു: ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി. ബംഗളൂരുവിലെ അഡുഗോഡിയിലാണ് സംഭവം നടന്നത്. കാലുകള്‍ക്ക് ചലശേഷിയും സംസാര ശേഷിയുമില്ലാത്ത പെണ്‍കുട്ടിയെ വിക്രം (30)എന്നയാള്‍ പീഡിപ്പിക്കുകയായിരുന്നു. അതിജീവിതയുടെ വീടിനടുത്ത് താമസിക്കുന്ന തൊഴിൽരഹിതനാണ് പ്രതിയെന്ന് പൊലീസ് പറയുന്നു.പെണ്‍കുട്ടിയുടെ അമ്മ വീട്ടുജോലിക്കായി പുറത്ത് പോയതായിരുന്നു.ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയില്‍ കണ്ടെത്തി.ബലമായി വാതില്‍ തുറന്ന് അകത്ത് കയറിയ അമ്മ കണ്ടത് അവശനിലയിൽ കട്ടിലിൽ കിടക്കുന്ന മകളെയാണ്.ഒരു വാതിലിന് പിറകില്‍ പ്രതി ഒളിച്ചു നില്‍ക്കുന്നുണ്ടായിരുന്നു. ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അമ്മ അലറിക്കരഞ്ഞ് നാട്ടുകാരെ വിവരം അറിയിച്ചു. നാട്ടുകാര്‍ പ്രതിയുടെ പിന്നാലെ ഓടുകയും റോഡിലിട്ട് മര്‍ദിക്കുകയും ചെയ്തു. ഇയാളെ കെട്ടിയിട്ട് മര്‍ദിച്ചതിന് ശേഷം പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.ഈ മാസം ഒമ്പതിനാണ് സംഭവം നടക്കുന്നത്.എന്നാൽ പ്രതിയെ മർദിക്കുന്നതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതിന് പിന്നാലെയാണ് സംഭവം പുറംലോകം അറിയിക്കുന്നത്.ലൈംഗിക പീഡനം,സ്ത്രീയെ ആക്രമിക്കുക,ഉപദ്രവിക്കുക,വീട്ടിലേക്ക് അതിക്രമിച്ചു കടക്കുക തുടങ്ങിയ വകുപ്പികള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അഡുഗോഡി പൊലീസാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു.

Exit mobile version