Site icon Newskerala

ഒരു പെണ്ണിന്റെ മാനത്തിന് 5 ലക്ഷം രൂപ വില, മറ്റ് പ്രതികളെ വെറുതെവിട്ടതുപോലെ ഇവരെയും വിട്ടാൽ മതിയായിരുന്നില്ലേ’; നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധിയിൽ നിരാശയെന്ന് ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധിയിൽ നിരാശയെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഇതെന്ത് വിധിയാണെന്ന് ചോദിച്ച ഭാഗ്യലക്ഷ്മി ഒരു പെണ്ണിന്റെ മാനത്തിന് 5 ലക്ഷം രൂപയാണ് വിലയെന്നും പരിഹസിച്ചു. കേസിലെ മറ്റ് പ്രതികളെ വെറുതെവിട്ടതുപോലെ ഇവരെയും വിട്ടാൽ മതിയായിരുന്നില്ലേ എന്നും ഭാഗ്യലക്ഷ്മി ചോദിച്ചു.
നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി അടയ്ക്കം ഒന്നുമുതല്‍ 6 പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവാണ് കോടതി വിധിച്ചത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. പ്രതികളുടെ പ്രായം കണക്കിലെടുത്താണ് 20 വര്‍ഷത്തെ കഠിന തടവെന്ന ശിക്ഷയിലേക്ക് എത്തിച്ചേര്‍ന്നതെന്നും വിധിന്യായത്തില്‍ പറയുന്നു. ഒന്നാം പ്രതി എൻ.എസ്.സുനിൽ (പൾസർ സുനി). രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി.മണികണ്ഠൻ, നാലാം പ്രതി വി.പി.വിജീഷ്, അഞ്ചാം പ്രതി എച്ച്.സലിം, ആറാം പ്രതി പ്രദീപ് എന്നിവർക്കാണ് കൂട്ടബലാത്സംഗ കേസിൽ 20 വർഷം കഠിനതടവ് വിധിച്ചിരിക്കുന്നത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം.
പ്രതികള്‍ ഒരോരുത്തരും 50,000 രൂപ വെച്ചു പിഴയൊടുക്കണമെന്നും അതില്‍ നിന്ന് അഞ്ച് ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ഐടി ആക്ട് പ്രകാരം പള്‍സര്‍ സുനിയ്ക്ക് അഞ്ച് വര്‍ഷം തടവ് കൂടി ശിക്ഷയുണ്ടെങ്കിലും ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകുമെന്നാണ് കോടതിയുടെ തീര്‍പ്പ്. വിചാരണ കാലയളവില്‍ ജയിലില്‍ കിടന്ന കാലയളവ് കുറച്ചതിന് ശേഷം മാത്രം ശിക്ഷ അനുഭവിച്ചാല്‍ മതി.  കേസിലെ പ്രധാന തെളിവായ പെന്‍ഡ്രൈവ് അന്വേഷണ ഉദ്യോഗസ്ഥനോട് സൂക്ഷിച്ചുവെയ്ക്കാന്‍ കോടതി ഉത്തരവിട്ടു. ഒരു കാരണവശാലും പുറത്തുവരാത്ത രീതിയില്‍ ഇത് കൈകാര്യം ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. അതിജീവിതയുടെ വിവാഹനിശ്ചയമോതിരം തിരികെ നൽകണമെന്ന് കോടതി പറഞ്ഞു. തൊണ്ടിമുതലിന്റെ ഭാഗമായുള്ള മോതിരമാണ് അതിജീവിതയ്ക്ക് തിരികെ നൽകേണ്ടത്. വിവാഹ മോതിരം കാണത്തക്ക വിധത്തിലാണ് പ്രതികൾ കൂട്ടബലാത്സംഗം നടന്ന ദിവസത്തിൽ വിഡിയോ ചിത്രീകരിച്ചത്.

Exit mobile version