Site icon Newskerala

190 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയിൽ; മദ്യം സൂക്ഷിച്ചത് ഡ്രൈഡേയിൽ വിലകൂട്ടി വിൽക്കാൻ

കരുനാഗപ്പള്ളി: 190 കുപ്പി വിദേശമദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ ആയി. കുലശേഖരപുരം ആദിനാട് വടക്ക് കോയിക്കൽ വീട്ടിൽ ജഗദീശൻ മകൻ ശ്രീരാജ് (39) ആണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫിസിലെ എക്സൈസ് ഇൻസ്പെക്ടർ കെ.ജി. രഘുവിന്റെ നേതൃത്വത്തിൽ ആദിനാട് വടക്ക് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വിൽപ്പനക്കായി സ്കൂട്ടറിലും വീട്ടിലുമായി സൂക്ഷിച്ചിരുന്ന ഇന്ത്യൻ നിർമിത വിദേശമദ്യം പിടികൂടിയത്. ഓച്ചിറ കാളകെട്ട് മഹോത്സവം, അടുത്ത ദിവസങ്ങളിലെ ഡ്രൈഡേകൾ എന്നിവയുമായി ബന്ധപ്പെട്ട് വൻതോതിൽ മദ്യം ശേഖരിച്ച് വച്ച് വലിയ തുകക്ക് വിൽക്കുന്നതിനായാണ് മദ്യം സൂക്ഷിച്ചു വച്ചിരുന്നത്. സ്കൂട്ടറിൽ കൊണ്ടുനടന്ന് മദ്യ വിൽപന നടത്തുന്നതിനിടയിൽ എക്സൈസിന്റെ പിടിയിലായ ശ്രീരാജിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വൻതോതിലുള്ള മദ്യശേഖരം കണ്ടെത്തിയത്. 500 മില്ലിയുടെ 190 കുപ്പുകളിലായി 95 ലിറ്റർ മദ്യമാണ് എക്സൈസ് സംഘം കണ്ടെത്തിയത്. പരിശോധനയിൽ കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫിസിലെ പ്രിവന്റീവ് ഓഫിസർ (ഗ്രേഡ്) അഭിലാഷ്. ജി, സിവിൽ എക്സൈസ് ഓഫിസർമാരായ കിഷോർ, ഹരിപ്രസാദ്, ഗോപകുമാർ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഡ്രൈവർ അബ്ദുൽ മനാഫ് എന്നിവരും പങ്കെടുത്തു.

Exit mobile version