Site icon Newskerala

ദുബൈയിൽ നിന്നെത്തി പ്രതിശ്രുത വധുവിനെ കാണാനായി വീട്ടിൽ നിന്നിറങ്ങിയ യുവാവിനെ രണ്ടുദിവസത്തിന് ശേഷം ചതുപ്പ് നിലത്തിൽ കണ്ടെത്തി

ആലപ്പുഴ: ദുബൈയിൽ നിന്ന് നാട്ടിലെത്തി പ്രതിശ്രുത വധുവിനെ കാണാനായി വീട്ടിൽ നിന്നിറങ്ങിയ യുവാവിനെ രണ്ടുദിവസത്തിന് ശേഷം ചതുപ്പ് നിലത്തിൽ അവശ നിലയിൽ കണ്ടെത്തി. ബുധനൂർ പടിഞ്ഞാറ് കൈലാസം വീട്ടിൽ രമണൻനായരുടെ മകൻ വിഷ്ണുവിനെയാണ് (34) എണ്ണയ്ക്കാട് പൂക്കൈതച്ചിറ ഭാഗത്ത് കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടാണ് വിഷ്ണു നാട്ടിലെത്തിയത്. വീട്ടിലെത്തി ഉടൻ ചെട്ടികുളങ്ങരയിലുള്ള പ്രതിശ്രുതവധുവിനെ കാണാനെന്നും പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ വിഷ്ണുവിനെ കുറിച്ച് പിന്നെ ഒരു വിവരവും ഇല്ലായിരുന്നു. വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഓഫ് ചെയ്ത നിലയിലായിരുന്നു. അന്വേഷണത്തിൽ ചെട്ടികുളങ്ങരയിൽ എത്തിയില്ലെന്ന് വ്യക്തമായതോടെ വീട്ടുകാർ മാന്നാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.ഇതിനിടെ ബുധനൂർ പഞ്ചായത്ത് എട്ടാം വാർഡ് ജനപ്രതിനിധിയായ രാജേഷ് ഗ്രാമത്തിന്റെ നേതൃത്വത്തിൽ പ്രദേശത്തെ സി.സി.സി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മാവേലിക്കര കരയംവട്ടം ഭാഗത്തുനിന്ന്‌ വിഷ്ണു തന്റെ ബൈക്കിൽ തിരിയുന്നതായി വ്യക്തമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആദ്യം ബൈക്കും തൊട്ടപ്പുറത്ത് ചതുപ്പിൽ അവശ നിലയിൽ വിഷ്ണുവിനെയും കണ്ടെത്തുന്നത്. യാത്രാമധ്യേ അപകടത്തിൽപെട്ടതാണെന്നാണ് നിഗമനം.

Exit mobile version