ആലപ്പുഴ: ആലപ്പുഴ ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകൻ വിശാൽ വധക്കേസിലെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു. കൊലപാതകം നടന്നു 13 വർഷങ്ങൾക്ക് ശേഷമാണ് വിധി. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്നു പ്രതികൾ. 20 പ്രതികളാണ് കേസിലുണ്ടായിരുന്നത്. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. കുറ്റം തെളിയിക്കാനായില്ലെന്ന് കണ്ടെത്തിയാണ് പ്രതികളെ കോടതി വെറുതെ വിട്ടത്.2012 ജൂലൈ 16ന് എബിവിപി പ്രവർത്തകനായ ചെങ്ങന്നൂർ കോട്ട ശ്രീശൈലം വീട്ടിൽ വിശാലിനെ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിന് മുന്നിൽ ആക്രമിച്ചു കൊലപ്പെടുത്തിയതാണ് കേസ്. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ ബിരുദ വിദ്യാർഥികളെ സ്വാഗതം ചെയ്യാൻ ഒരുക്കിയ പരിപാടിയിൽ പങ്കെടുക്കാനെത്തിയ വിശാലിനെ മുൻകൂട്ടി തീരുമാനിച്ചപ്രകാരം സ്ഥലത്ത് എത്തിയ കാമ്പസ് ഫ്രണ്ട് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷൻ കേസ്. ലോക്കൽ പോലീസ് അന്വേഷിച്ച കേസിൽ അറസ്റ്റ് വൈകിയതിനെത്തുടർന്ന് ക്രൈംബ്രാഞ്ചാണ് അന്വേഷണം പൂർത്തിയാക്കിയത്. പ്രതികൾക്കെല്ലാം ജാമ്യം ലഭിച്ച് പുറത്ത് വന്നിരുന്നു. സാക്ഷികളായ ക്യാമ്പസിലെ കെഎസ് യു- എസ്എഫ്ഐ പ്രവര്‍ത്തകര്‍ വിചാരണവേളയില്‍ മൊഴി മാറ്റിയിരുന്നു. വിചാരണ വേളയിൽ 55 സാക്ഷികൾ, 205 രേഖകൾ എന്നിവ പ്രോസിക്യൂഷൻ ഹാജരാക്കി. ലോക്കൽ പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും ഉൾപ്പെടെ 3 ഡിവൈഎസ്പിമാർ ആണു കേസിൽ അന്വേഷണം പൂർത്തിയാക്കിയത്.വിധി നിരാശാജനകമെന്നും വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. വിശാലിനോടൊപ്പം ഉണ്ടായിരുന്ന എബിവിപി പ്രവർത്തകരായ വിഷ്ണുപ്രസാദ്, ശ്രീജിത്ത് എന്നിവർക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു.


