അടിമാലി: ഇടുക്കി അടിമാലി ഉന്നതിയില്‍ കഴിഞ്ഞദിവസം രാത്രി പത്തരയോടെയുണ്ടായ മണ്ണിടിച്ചിലില്‍ ഒരു മരണം. വീടുതകര്‍ന്ന് അകത്ത് കുടുങ്ങിപ്പോയ ബിജുവാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ പങ്കാളി സന്ധ്യയെ കാലിന് ഗുരുതരമായി പരിക്കേറ്റനിലയില്‍ പുറത്തെത്തിച്ചു. സന്ധ്യയെ വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.
രാത്രിയോടെ ഉണ്ടായ മണ്ണിടിച്ചിലില്‍ ഊര്‍ജിതമായ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ബിജുവിനെ രക്ഷപ്പെടുത്താന്‍ സാധിക്കാതെ വന്നത് വലിയ നോവായി. വീട് തകര്‍ന്ന് കോണ്‍ക്രീറ്റ് ബീമുകള്‍ക്കിടയില്‍ സന്ധ്യയും ബിജുവും കുടുങ്ങിപ്പോവുകയായിരുന്നു.
ഏഴ് മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ പുലര്‍ച്ചെ അഞ്ച് മണിക്ക് ശേഷമാണ് ഇരുവരേയും പുറത്തെത്തിക്കാനായത്.രക്ഷാപ്രവര്‍ത്തനത്തിന് ഫയര്‍ഫോഴ്‌സും എന്‍.ഡി.ആര്‍.എഫും നേതൃത്വം നല്‍കി.
ദേശീയപാത വീതി കൂട്ടുന്നതിന്റൈ ഭാഗമായി മണ്ണെടുത്തതും കുന്ന് ഇടിച്ചുനിരത്തുകയും ചെയ്തിരുന്നു. ഇതാണ് ദുരന്തത്തിന് കാരണമായതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ഇവരുടെ വീടിന് സമീപത്തുള്‍പ്പെടെ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് മാറി താമസിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. 22 കുടുംബങ്ങളെ ഇവിടെ നിന്നും മാറ്റിത്താമസിപ്പിച്ചത് വലിയ ദുരന്തം ഒഴിവാകാന്‍ സഹായിച്ചു.
അപകടത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നിരുന്നു. അപകടം നടന്ന സ്ഥലത്തേക്ക് എത്തിപ്പെടാന്‍ രക്ഷാപ്രവര്‍ത്തകരും നാട്ടുകാരും ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇവിടേക്കുള്ള ദുഷ്‌കരമായ പാതയാണ് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചത്.


