മലപ്പുറം: വഴിക്കടവ് ഫോറസ്റ്റ് റേഞ്ചിലെ മരുത ഭാഗത്ത് പാതി അഴുകിയ നിലയില്‍ കണ്ടെത്തിയ കാട്ടുപന്നിക്ക് ആഫ്രിക്കന്‍ പന്നിപ്പനി വൈറസ് സ്ഥിരീകരിച്ചു. പ്രഭവ കേന്ദ്രത്തിന്റെ 10 കിലോമീറ്ററ്്‍ ചുറ്റളവിലുള്ള വഴിക്കടവ്, എടക്കര, പോത്തുകല്ല്, ചുങ്കത്തറ, കരുളായി, മുത്തേടം എന്നീ ഗ്രാമപഞ്ചായത്തുകളെ ആഫ്രിക്കന്‍ പന്നിപ്പനി രോഗനിരീക്ഷണ മേഖലയായി ജില്ല കലക്ടര്‍ വി.ആര്‍. വിനോദ് പ്രഖ്യാപിച്ചു. പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള രോഗ ബാധിത മേഖലയില്‍ പന്നി ഫാമുകള്‍ ഇല്ലാത്തതിനാല്‍ പന്നികളെ ദയാവധം നടത്തേണ്ടതില്ല. എന്നാല്‍, ഈ പ്രദേശങ്ങളില്‍ പന്നിമാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവര്‍ത്തനവും പന്നികളെ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും കൊണ്ടുവരുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ മേഖലയുടെ പുറത്തേക്കോ, അകത്തേക്കോ പന്നി, പന്നി മാംസം, മറ്റേതൊരു പന്നി ഉൽപന്നങ്ങളും കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതും നിരോധിച്ചു. കൂടാതെ, പന്നിതീറ്റ സാധനങ്ങളുടെ വില്‍പനയും വിതരണവും നിരോധിച്ചിട്ടുണ്ട്. ജില്ലയിലെ മറ്റു ഭാഗങ്ങളില്‍ ആഫ്രിക്കന്‍ പന്നിപ്പനി വൈറസ് ബാധക്കു സമാനമായ ലക്ഷണങ്ങള്‍ കണ്ടെത്തുന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ ബന്ധപ്പെട്ട വെറ്ററിനറി ഓഫിസറെ അറിയിക്കണം. ഇത് പന്നികളില്‍ മാത്രം കണ്ടുവരുന്ന രോഗമാണ്. ആഫ്രിക്കന്‍ പന്നിപ്പനി മറ്റ് മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരുകയില്ല. എന്നാല്‍, വാക്‌സിനോ മറ്റു പ്രതിരോധമരുന്നോ ഇല്ലാത്തതിനാല്‍ പന്നികള്‍ കൂട്ടത്തോടെ ചാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്കുള്ള രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായാണ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നത്.


