ദീപാവലി ഉൾപ്പെടെ ഉത്സവ സീസണിന് മുന്നോടിയായി വിമാന ടിക്കറ്റ് നിരക്ക് വർധന നിയന്ത്രിക്കാൻ നടപടിയുമായി വ്യോമയാന ഡയറക്ടർ ജനറൽ.
ദസറയും ദീപാവലിയും ഛഠ് പൂജയും ഉൾപ്പെടെ ഉത്സവ സീസണിൽ ഇന്ത്യയിലെ ആഭ്യന്തര സർവീസുകളിൽ വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നതോടെയാണ് അധിക വിമാനങ്ങൾ വിന്യസിച്ചുകൊണ്ട് യാത്ര സുഗമമാക്കാൻ നിർദേശം നൽകിയത്. യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിന് അനുസരിച്ച് കൂടുതൽ സെക്ടറുകളിലേക്കാണ് വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കണമെന്നാണ് ഡി.ജി.സി.എ ഏവിയേഷൻ റെഗുലേറ്ററുടെ പ്രധാന നിർദേശം. ഇതേതുടർന്ന് വിവിധ എയർലൈൻസുകൾ 1700 അധിക വിമാനങ്ങൾ സർവീസിനായി സജ്ജമാക്കിയതായി അറിയിച്ചു. ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ്, സ്പൈസ് ജെറ്റ് തുടങ്ങിയ ഇന്ത്യൻ വിമാന കമ്പനികൾ ചേർന്ന് വിവിധ നഗരങ്ങളെ ബന്ധിപ്പിച്ച് സർവീസുകളുടെ എണ്ണം വർധിപ്പിക്കും.
രാജ്യത്തെ മുൻനിര എയർലൈൻ കമ്പനിയായ ഇൻഡിയോ എയർലൈൻസ് 42 സെക്‌ടറുകളിലായി 730 അധിക വിമാനങ്ങൾ സർവീസിനായി വിനിയോഗിക്കും. ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും 20 സെക്ടറുകളിലായി 486 വിമാനങ്ങളും, സ്പൈസ് ജെറ്റ് 38 സെക്ടറുകളിലായി 546 വിമാനങ്ങളും ഉത്സവ സീസണിലായി അധിക സർവീസിന് സജ്ജമാക്കും.
ദസറ മുതൽ നവംബർ വരെ നീണ്ടു നിൽക്കുന്ന ഉത്സവ സീസണിൽ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കാണ് യാത്രക്കാരുടെ തിരക്കേറുന്നത്. അവസരം മുതലെടുത്ത് വിമാന കമ്പനികൾ ടിക്കറ്റ് നിരക്കും വർധിപ്പിക്കും. ഇത് നിരീക്ഷിക്കാനും ഉചിതമായ ഇടപെടൽ നടത്താനും കേന്ദ്ര വ്യോമയാന മന്ത്രാലയം ഡി.ജി.സി.എ.യെ ചുമതലപ്പെടുത്തിയിരുന്നു.
ആവശ്യക്കാർ ഏറുന്ന ഉത്സവ സീസണുകളിൽ നിരക്കുകൾ താങ്ങി നിർത്തുന്നതിനായി വിമാന കമ്പനി അധികൃതരും ഡി.ജി.സി.എയും ചർച്ചകൾ നടത്തിയിരുന്നു.
വിമാന ഇന്ധനത്തിൻ്റെ വില വർധനയും ഈ വർഷം ടിക്കറ്റ് നിരക്ക് വർധിക്കാൻ ഇടയായി. കഴിഞ്ഞ നാലു മാസത്തിനിടെ കിലോ ലിറ്റർ വിമാന ഇന്ധനത്തിന് 12,000 രൂപ വരെയാണ് വർധിച്ചത്. 1300 രൂപ സർക്കാർ സബ്സിഡി നൽകിയെങ്കിലും 100 മുതൽ 1000 വരെയായി ഓരോ തവണയും വിലവർധിക്കുന്നത് വിമാന കമ്പനികൾക്ക് അധിക ബാധ്യതമായി മാറുകയാണ്. വിമാന കമ്പനികളുടെ ഓപറേഷൻ ചിലവിന്റെ 50 ശതമാനം വരെ ഇന്ധനത്തിന് മുടക്കുന്നത് കാരണം വിലവർധന ടിക്കറ്റ് നിരക്കിനെയാണ് നേരിട്ട് ബാധിക്കുന്നത്.
അതേസമയം, ട്രെയിനിന് പകരം വിമാനത്തെ ആശ്രയിക്കുന്നവരുടെ എണ്ണം വർധിച്ചത് ഉത്സവ സീസണിലെ ബുക്കിങ്ങും കുതിച്ചു കയറാൻ ഇടയാക്കിയിട്ടുണ്ട്. ഇന്ത്യയിലെ മെട്രോ നഗരങ്ങളിലേക്ക് ഉത്സവ സീസണിനിടെ യാത്രക്കാരുടെ എണ്ണം വലിയ തോതിലാണ് വർധിക്കുന്നത്. അവധി കഴിഞ്ഞ് മടങ്ങുന്നവർ, വിനോദ യാത്രികർ ഉൾപ്പെടെ കൂടുതൽ പേർ വിമാന യാത്രയെ ആശ്രയിക്കുന്നുവെന്നാണ് റിപ്പോർട്ട്
