പത്തനംതിട്ട: നടുറോഡില്‍ പെൺകുട്ടിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്ന കേസില്‍ കുമ്പനാട് കോയിപ്രം കരാലില്‍ അജിന്‍ റെജി മാത്യുവിന് (24) ജീവപര്യന്തം കഠിനതടവും അഞ്ചുലക്ഷം രൂപ പിഴയും. പത്തനംതിട്ട അഡീഷനല്‍ ജില്ല കോടതി (ഒന്ന്) ജഡ്ജി ജി.പി. ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. പിഴത്തുക പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് നൽകണം. തുക അടച്ചില്ലെങ്കിൽ അജിന്റെ സ്വത്ത് വിറ്റ് ഈടാക്കണമെന്നും ഉത്തരവിൽ പറയുന്നു. കൊലപാതകത്തിനാണ് ജീവപര്യന്തം തടവും പിഴയും. തടഞ്ഞുവെച്ചതിന് ഒരു മാസത്തെ തടവും അനുഭവിക്കണം.പത്തനംതിട്ട അയിരൂര്‍ കാഞ്ഞീറ്റുകര ചരുവില്‍ കിഴക്കേമുറിയില്‍ കവിതയാണ് (19) കൊല്ലപ്പെട്ടത്. 2019 മാർച്ച് 12ന് രാവിലെ 9.10ന് തിരുവല്ല റെയിൽവേ സ്റ്റേഷൻ റോഡില്‍ ചിലങ്ക ജങ്ഷന് സമീപമായിരുന്നു സംഭവം. പ്രണയത്തിൽനിന്ന് പിന്മാറിയതിനെത്തുടർന്നായിരുന്നു ആക്രമണം. സ്വകാര്യസ്ഥാപനത്തിൽ എം.എൽ.ടി വിദ്യാർഥിനിയായിരുന്ന കവിത ഇവിടേക്ക് പോകുന്നതിനിടെ തടഞ്ഞുനിർത്തിയ അജിൻ, കത്തികൊണ്ട് ആദ്യം കുത്തിപ്പരിക്കേല്‍പിച്ചു. പിന്നാലെ കുപ്പിയിൽനിന്ന് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.വൊക്കേഷനൽ ഹയർ സെക്കൻഡറി ക്ലാസിൽ സഹപാഠികളായിരുന്നു കവിതയും അജിനും. തുടർന്ന് പ്രണയത്തിലുമായി. ഇതിൽനിന്ന് പെൺകുട്ടി പിന്മാറിയെന്ന നിഗമനമാണ് ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. കത്തിയും രണ്ടുകുപ്പി പെട്രോളുമായാണ് അജിൻ യുവതിയെ ആക്രമിച്ചത്. 70 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടിയെ ആദ്യം തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും എട്ട് ദിവസത്തിനുശേഷം മരിച്ചു. തിരുവല്ല സി.ഐയായിരുന്ന പി.ആര്‍. സന്തോഷാണ് അന്വേഷണം നടത്തി 89 ദിവസംകൊണ്ട് കുറ്റപത്രം ഹാജരാക്കിയത്. ഇപ്പോൾ എറണാകുളം ടൗൺ സൗത്ത് സി.ഐയാണ്. മികച്ച രീതിയിൽ കുറ്റാന്വേഷണം നടത്തിയതിന് കോടതി ഇദ്ദേഹത്തെ പ്രത്യേകം അഭിനന്ദിച്ചു. പി.ആര്‍. സന്തോഷിന് പ്രശംസാപത്രം നൽകണമെന്ന് ജില്ല പൊലീസ് മേധാവിക്ക് കത്ത് നൽകുമെന്നും കോടതി വ്യക്തമാക്കി. പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഹരിശങ്കർ പ്രസാദിനെയും കോടതി അഭിനന്ദിച്ചു.കേസിൽ 43 സാക്ഷികളെയാണ് വിസ്തരിച്ചത്. 94 രേഖകള്‍ ഹാജരാക്കി. പെൺകുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിക്കുന്നതും തുടർന്ന് തീകൊളുത്തുന്നതിന്‍റെയും സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. പ്രതി കൃത്യം നടത്താനായി പമ്പിൽനിന്ന് പെട്രോൾ വാങ്ങുന്നതിന്‍റെ ദൃശ്യങ്ങളും ലഭിച്ചു. ഈ ദൃശ്യങ്ങളിലുള്ളത് പ്രതിതന്നെയാണെന്ന ഫോറൻസിക് ലാബ് റിപ്പോർട്ടും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. പെട്രോൾ വാങ്ങാനായി എ.ടി.എമ്മിൽനിന്ന് പണം പിൻവലിച്ചിരുന്നു. ഇതിന്‍റെ ബാങ്ക് രേഖകളും കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതിനൊപ്പം സംഭവത്തിന് ദൃക്സാക്ഷികളായിരുന്ന വ്യാപാരികളും ഓട്ടോറിക്ഷ ഡ്രൈവർമാരും പ്രതിക്കെതിരെ മൊഴി നൽകി. പെൺകുട്ടിയുടെ മരണമൊഴിയും കേസിൽ നിർണായകമായി. ഭാവഭേദങ്ങളൊന്നുമില്ലാതെയായിരുന്നു അജിന്‍ വിധി കേട്ടത്.കണ്ണീരോടെയാണ് കവിതയുടെ അമ്മ ഉഷ വിധികേട്ടത്. പ്രതിക്ക് വധശിക്ഷ കിട്ടുമെന്നായിരുന്നു പ്രതീക്ഷയെന്ന് ഉഷ പറഞ്ഞു. സന്തോഷവും ദുഃഖവും തോന്നി. മകളെ ഇല്ലാതാക്കിയവനും ഇല്ലാതാകണമെന്നായിരുന്നു ആഗ്രഹിച്ചത്. എന്നാൽ, ജീവപര്യന്തമാണ് ലഭിച്ചത്. അതിൽ തൃപ്തിയുണ്ടെന്നും അവർ പറഞ്ഞു. വിധിയിൽ തൃപ്തിയെന്ന് കവിതയുടെ അച്ഛൻ വിജയകുമാറും പറഞ്ഞു. വിജയകുമാർ-ഉഷ ദമ്പതികളുടെ മൂന്ന് പെൺമക്കളിൽ ഇളയ കുട്ടിയായിരുന്നു കവിത.


