കറുത്ത മഷിയില്‍ എഴുതുന്ന ചെക്കുകള്‍ ഇനി നിയമവിരുദ്ധമോ?സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ചെയ്യുന്ന വാർത്തയുടെ യഥാർത്ഥ സത്യമെന്ത് എന്ന് അറിയാം ?

തിരുവനന്തപുരം: ബാങ്കുകളില്‍ നല്‍കുന്ന ചെക്കുകളില്‍ കറുത്ത മഷി നിരോധിച്ചതായി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം. കറുത്ത മഷി കൊണ്ട് എഴുതിയ ചെക്കുകള്‍ ഇനി മുതല്‍ ബാങ്കുകള്‍ സ്വീകരിക്കില്ല എന്നാണ് പ്രചാരണം. ബാങ്ക് ഇടപാടുകള്‍ക്ക് ചെക്കുകള്‍ വ്യാപകമായി ഉപയോഗിക്കുന്നതായതിനാല്‍ ഈ പ്രചാരണത്തിന്‍റെ വസ്‌തുത പരിശോധിക്കാം. പ്രചാരണം ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ 2025 ജനുവരി 14ന് പ്രസിദ്ധീകരിച്ച വാര്‍ത്ത എന്ന തരത്തിലാണ് ഒരു മെസേജ് വാട്‌സ്ആപ്പില്‍ വ്യാപകമായി പ്രചരിക്കുന്നത്. ‘പുതു വര്‍ഷം, പുതിയ നിയമം: ചെക്കുകളില്‍ കറുത്ത മഷി നിരോധിച്ചു’ എന്ന തലക്കെട്ടിലാണ് വാട്‌സ്ആപ്പ് ഫോര്‍വേഡുള്ളത്. തട്ടിപ്പുകള്‍ തടയാനും ബാങ്ക് ഇടപാടുകളിലെ സുരക്ഷ വര്‍ധിപ്പിക്കാനും വേണ്ടിയാണ് ചെക്കുകളില്‍ കറുത്ത മഷി കൊണ്ട് എഴുതുന്നത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നിരോധിച്ചത് എന്ന് വാട്സ്ആപ്പില്‍ ഫോര്‍വേഡ് ചെയ്യപ്പെടുന്ന വാര്‍ത്തയില്‍ വിശദീകരിക്കുന്നു. പുതിയ നിയമം പ്രകാരം ചെക്കില്‍ നീല മഷി ഉപയോഗിച്ച് മാത്രമേ എഴുതാവും എന്നും വാട്സ്ആപ്പ് ഫോര്‍വേഡിലുണ്ട്. വസ്‌തുതാ പരിശോധന ടൈംസ് ഓഫ് ഇന്ത്യ 2025 ജനുവരി 14ന് ഇത്തരമൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് ആദ്യം ചെയ്തത്. എന്നാല്‍ ഈ പരിശോധനയില്‍ ചെക്ക് ബുക്കുകള്‍ സംബന്ധിച്ച് വാര്‍ത്തകളൊന്നും കണ്ടെത്താനായില്ല. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ 2025 ജനുവരി 17ന് ചെയ്തിട്ടുള്ള ഒരു ട്വീറ്റ് കാണാനായി. ‘ചെക്കില്‍ കറുത്ത മഷി കൊണ്ട് എഴുതുന്നത് ആര്‍ബിഐ വിലക്കിയതായി ഒരു സോഷ്യല്‍ മീഡിയ പ്രചാരണം ശ്രദ്ധയിപ്പെട്ടിട്ടുണ്ട്, എന്നാല്‍ ഈ അവകാശവാദം തെറ്റാണ്, ചെക്ക് ഏത് നിറത്തിലുള്ള മഷി കൊണ്ട് എഴുതണം എന്ന് ആര്‍ബിഐ നിഷ്‌കര്‍ഷിച്ചിട്ടില്ല’ എന്നും പിഐബി ഫാക്ട് ചെക്ക് വ്യക്തമാക്കി. ഇതോടെ പ്രചാരണത്തിന്‍റെ വസ്തുത ബോധ്യപ്പെട്ടു.
വസ്‌തുത റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ചെക്ക് ബുക്കുകളില്‍ കറുത്ത മഷി കൊണ്ട് എഴുതുന്നത് നിരോധിച്ചതായുള്ള സോഷ്യല്‍ മീഡിയ പ്രചാരണം വ്യാജമാണ്.
