ഡ്രൈവിങ് ലൈസൻസിനായി അപേക്ഷിക്കുന്ന കണ്ണട ഉപയോഗിക്കുന്നവർക്ക് മോട്ടോർ വാഹന വകുപ്പ് പുതിയ നിബന്ധന കൊണ്ടുവന്നു. കണ്ണട ഉപയോഗിക്കുന്നവരാണെങ്കിൽ, ലൈസൻസിനുള്ള അപേക്ഷയോടൊപ്പം കണ്ണട വെച്ചുള്ള ഫോട്ടോ തന്നെ സമർപ്പിക്കണമെന്നാണ് പുതിയ നിർദ്ദേശം.
സ്ഥിരമായി അല്ലാതെ കണ്ണട ഉപയോഗിക്കുന്നവരുടെ അപേക്ഷയിലും കണ്ണടയുള്ള ഫോട്ടോ വേണമെന്നാണ് മോട്ടോർ വാഹന വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ലൈസൻസിനായി നൽകുന്ന പാസ്പോർട്ട് സൈസ് ഫോട്ടോ തന്നെയാണ് ലൈസൻസിലും ഉപയോഗിക്കുക.
ഈ പുതിയ നിബന്ധന ഉറപ്പാക്കാൻ ഡ്രൈവിങ് സ്കൂളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കാഴ്ചയ്ക്ക് പ്രശ്‌നമുള്ളവരുടെ തിരിച്ചറിയൽ ഐഡിയിൽ കണ്ണട വെച്ചുള്ള ഫോട്ടോ വേണമെന്ന നിലവിലെ നിയമത്തെ കൂടുതൽ കർശനമാക്കുന്നതാണ് പുതിയ നിർദ്ദേശം.
കൂടാതെ, അപേക്ഷയോടൊപ്പം കാഴ്ച പരിശോധന നടത്തിയ ഡോക്ടറുടെ സാക്ഷ്യപത്രം ഉൾപ്പെടെ സമർപ്പിക്കുകയും വേണം. ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ ഡ്രൈവിങ് സ്കൂൾ അധികൃതർ അപേക്ഷകർക്ക് നൽകിത്തുടങ്ങി.
