Kerala

ഓര്‍മയുടെ ആഴങ്ങളിൽ ഇനി അര്‍ജുൻ; പ്രിയപ്പെട്ടവന് നാടിന്‍റെ യാത്രാമൊഴി, വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കാരം

കോഴിക്കോട്: പ്രിയപ്പെട്ട അര്‍ജുൻ ഇനി ജനഹൃദയങ്ങളിൽ ജീവിക്കും. നാടിന്‍റെ യാത്രാമൊഴി ഏറ്റുവാങ്ങി കോഴിക്കോട് കണ്ണാടിക്കലിലെ അമരാവതി വീടിനോട് ചേര്‍ന്ന് അര്‍ജുൻ നിത്യനിദ്രയിലേക്ക് മടങ്ങി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ രാവിലെ 11.20ഓടെയാണ് സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചത്. ആയിരങ്ങള്‍ അന്തിമോപചാരമര്‍പ്പിച്ചശേഷമാണ് അര്‍ജുന്‍റെ മൃതദേഹം ചിതയിലേക്ക് എടുത്തത്. 11.45ഓടെ അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി അര്‍ജുന്‍റെ ചിതയ്ക്ക് തീകൊളുത്തി. കേരളം ഒരിക്കലും കണ്ടിട്ടില്ലാത്ത രീതിയിലുളള ഒരു അന്ത്യ യാത്രയ്ക്കുശേഷമാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം ഇന്ന് രാവിലെയാണ് വീട്ടിലെത്തിച്ചത്. കുടുംബാംഗങ്ങളും നാട്ടുകാരും അവസാനമായി അർജുന് അന്ത്യാഞ്ജലി അർപ്പിച്ചു. മൃതദേഹം വഹിച്ചുള്ള ആംബുലൻസിനെ അനുഗമിച്ച് വിലാപയാത്ര ഒമ്പതരയോടെയാണ്  കണ്ണാടിക്കലിലെ ജനങ്ങൾ തിങ്ങി നിറഞ്ഞ ‘അമരാവതി’ എന്ന വീടിനരികിലേക്ക് എത്തിയത്. അവിടെ നിന്നും വീട്ടിലേക്കുളള വഴി നീളെ ആംബുലൻസിനെ അനുഗമിച്ച് പുരുഷാരം ഒഴുകിയെത്തി. മുദ്രാവാക്യം വിളികളോടെ അർജുനെ നാട് ഏറ്റുവാങ്ങി. ആദ്യം ബന്ധുക്കള്‍ക്ക് മാത്രം കുറച്ച് സമയം അന്ത്യാ‌ഞ്ജലി അ‍ർപ്പിക്കാൻ സമയം നൽകി. പിന്നീട് നാട്ടുകാർക്കും അർജുന് ആദരമർപ്പിക്കാനായി പല നാടുകളിൽ നിന്നെത്തിയവർക്കുമായി പൊതുദർശനം നടന്നു. വഴിയിലുടനീളം അർജുന് ആദരം കേരളത്തിന്റെ ആകെ നൊമ്പരമായാണ് 74 ദിവസങ്ങൾക്ക് ശേഷം അർജുൻ മടങ്ങിയത്. കേരളാ അതിർത്തിയായ തലപ്പാടി ചെക്ക്പോസ്റ്റിലും കാസർകോടും കണ്ണൂരിലും തങ്ങളിതുവരെ കണ്ടിട്ടില്ലെങ്കിൽ കൂടിയും തീരാ നൊമ്പരമായ പ്രിയപ്പെട്ട അർജുന് ജനം ആദരാഞ്ജലി അർപ്പിച്ചു.   കോഴിക്കോട് ജില്ലാ അതിർത്തിയിൽ മന്ത്രി എകെ ശശീന്ദ്രനും കെ കെ രമ എംഎൽഎയും ജില്ല കളക്ടർ സ്നേഹിൽ കുമാറും ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. പുലർച്ചെ അഞ്ചരയോടെ മൃതദേഹം വഹിച്ചുള്ള വാഹന വ്യൂഹം കണ്ണൂർ നഗരം പിന്നിട്ടു. പിന്നീട് ആറ് മണിയോടെ അഴിയൂർ പിന്നിട്ട് കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചു. ഇവിടെ വച്ച് മന്ത്രി എകെ ശശീന്ദ്രനും കോഴിക്കോട് ജില്ലാ കളക്ടറും അടക്കമുള്ളവർ സംസ്ഥാന സർക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി. ഏഴരയ്ക്ക് മൃതദേഹം വഹിച്ചുള്ള വിലാപയാത്ര പൂളാടിക്കുന്നിലെത്തി. ഇവിടെ നിന്നാണ് വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്ര തുടങ്ങിയത്. കേരള, കർണാടക പൊലീസും വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്. രാവിലെ 8 മണിയോടെ മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തിക്കും. ഉച്ചയ്ക്ക് വീട്ടുവളപ്പിലായിരിക്കും സംസ്കാര ചടങ്ങുകൾ. കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്‌ലും മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്‌റഫും ഷിരൂരിലെ മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപേയും വിലാപയാത്രയ്ക്ക് അര്‍ജുന്‍റെ വീട്ടിലെത്തി. മന്ത്രി കെബി ഗണേഷ് കുമാറും അന്തിമോപചാരമര്‍പ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button