Kerala

അർജുന്റെ കുടുംബവും മനാഫും കണ്ണാടിക്കലിലെ വീട്ടിൽ ഒരുമിച്ച്; തെറ്റിദ്ധാരണകൾ തീർന്നെന്ന് മനാഫ്

കോഴിക്കോട്: ഒടുവിൽ വിവാദങ്ങൾക്ക് വിരാമമിട്ട് നേരിട്ട് കണ്ട് അർജുന്റെ കുടുംബവും ലോറി ഉടമ മനാഫും. ലോറി ഉടമ മനാഫ് എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് ഇരു കുടുംബങ്ങളും കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങളുള്ളത്. കണ്ണാടിക്കലിലെ വീട്ടിലെത്തി അർജുന്റെ സഹോദരീ ഭർത്താവ് ജിതിനുമായി മനാഫ് കൂടിക്കാഴ്ച നടത്തി. തെറ്റിദ്ധാരണകൾ മാറിയെന്ന് ഇരുകൂട്ടരും പറഞ്ഞു. പറയാനുദ്ദേശിച്ച കാര്യങ്ങളല്ല ആളുകൾ മനസിലാക്കിയതെന്ന് ജിതിൻ ചൂണ്ടിക്കാട്ടി. തന്നെ വർ​ഗീയ വാദിയായി ചിത്രീകരിക്കുന്നതിൽ വിഷമമുണ്ടെന്നും ജിതിൻ പറഞ്ഞു. മനാഫ് സഹോദരൻ മുബീൻ, അർജുന്റെ സഹോദരൻ അഭിജിത്, ജിതിൻ എന്നിവരാണ് ഒരുമിച്ചിരുന്നു സംസാരിച്ചത്. അർജുന്റെ കുടുംബത്തിൻ്റെ പരാതിയിലെടുത്ത കേസിൽ നിന്ന് ലോറിയുടമ മനാഫിനെ ഒഴിവാക്കുമെന്ന വിവരം പുറത്തുവന്നിരുന്നു. മനാഫിനെതിരെ കേസ് എടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ല. മനാഫിന്റെ വീഡിയോയുടെ താഴെ കുടുംബത്തിന് നേരെ സൈബർ ആക്രമണം നടക്കുന്നു എന്നായിരുന്നു പരാതി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മനാഫിന്റെ പേര് എഫ്ഐആറിൽ ഉൾപ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു. എഫ്ഐആറിൽ നിന്ന് മനാഫിനെ ഒഴിവാക്കുമെന്നാണ് പൊലീസ് പറയുന്നത്.  അന്വേഷണം നടത്തി ആവശ്യമെങ്കിൽ മനാഫിനെ ഒഴിവാക്കുമെന്ന് ഇന്നലെ പൊലീസ് അറിയിച്ചിരുന്നു. അതേസമയം, സൈബർ ആക്രമണ പരാതിയിൽ മനാഫിനെ സാക്ഷിയാക്കും. സൈബർ ആക്രമണം നടത്തിയ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പൊലീസ് പരിശോധിച്ചു വരികയാണ്. ചില യൂട്യൂബർമാർക്കെതിരെ കേസെടുക്കാനും പൊലീസ് തീരുമാനിച്ചു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button