CrimeKerala

നീല സ്കൂട്ടറിൽ രാത്രി എടപ്പാളിലെത്തും, കുളിമുറിയിൽ ഒളിഞ്ഞുനോട്ടം, ഞെട്ടിക്കുന്ന മോഷണ ലിസ്റ്റ്; പ്രതി പിടിയിൽ

മലപ്പുറം: കുളിമുറിയിൽ ഒളിഞ്ഞുനോട്ടവും മോഷണവും പതിവാക്കിയ മോഷ്ടാവിനെ പിടികൂടി. മാറഞ്ചേരി കാഞ്ഞിരമുക്ക് പത്തായി നേടുമ്പുറത്ത് റിബിൻ രാജ് (സീൻ രാജ് -34) ആണ് പൊന്നാനി പൊലീസിന്റെ വലയിലായത്. ഇയാൾ നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എടപ്പാളിലെ പെരുമ്പറമ്പ് പൊല്പാക്കര, പാറപ്പുറം, കാലടി, കാവില്‍പടി മേഖലകളില്‍ രാത്രി മോഷണവും ഒളിഞ്ഞു നോട്ടവും പതിവായിരുന്നു. വീടുകളുടെ ജനല്‍ തുറന്ന് ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സ്വർണാഭരണങ്ങള്‍ കവരുകയും കുളിമുറികളിലും മറ്റും ഒളിഞ്ഞ് നോക്കുകയും ചെയ്യുന്നത് പതിവായതോടെ പ്രദേശവാസികൾ ഭീതിയിലായിരുന്നു.  പ്രതിയെ കുറിച്ച്‌ പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. പിറകിലെ ലൈറ്റ് ഓഫ് ചെയ്ത നീല സ്കൂട്ടറില്‍ എത്തുന്ന ആളാണ് മോഷ്ടാവെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു. ഇതിന് പിന്നാലെ കാവില്‍പടിയിലെ വീട്ടില്‍ ഉറങ്ങിക്കിടന്ന കുട്ടിയുടെ ആഭരണങ്ങള്‍ ജനാല വഴി മോഷ്ടിക്കുകയും മറ്റൊരു വീട്ടിൽ മോഷണത്തിന് ശ്രമിക്കുമ്പോള്‍ വീട്ടുകാർ ഉണരുകയും ചെയ്തു. ഇതോടെ പ്രതി ഓടി രക്ഷപ്പെട്ടു. ഇതിനിടെ സ്കൂട്ടറിന്റെ താക്കോല്‍ നഷ്ടപ്പെട്ടതിനാല്‍ റിബിൻ രാജ്, താൻ വന്ന്ന സ്കൂട്ടർ സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചു. പിന്നീട് പരിസരത്തുള്ള പ്രകാശ് എന്നയാളുടെ വീട്ടില്‍ നിന്ന് ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ച്‌ സ്ഥലം വിട്ടു.  ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സ്കൂട്ടറിനെ കുറിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് പ്രതിയെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. മോഷണശേഷം പ്രതി റിബിൻ രാജ് ബംഗളൂരുവിലും പഴനിയിലും എറണാകുളത്തെ വിവിധ സ്ഥലങ്ങളിലൂം ഒളിവില്‍ കഴിഞ്ഞശേഷം തൃശൂർ ചാലക്കുടിയില്‍ താമസം തുടങ്ങി. വിവരമറിഞ്ഞ് പൊലീസ് ചാലക്കുടിയില്‍ എത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടു. പിന്നീട് തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളില്‍ ഒളിവില്‍കഴിഞ്ഞ പ്രതി എടപ്പാളില്‍ എത്തി. എടപ്പാള്‍ ഹോസ്പിറ്റല്‍ കോമ്ബൗണ്ടില്‍ നിർത്തിയിട്ടിരുന്ന ബുള്ളറ്റ് മോഷ്ടിച്ച്‌ കടന്നുകളഞ്ഞു. മോഷ്ടിച്ച ബൈക്കുകള്‍ പിന്നീട് എടപ്പാള്‍ പരിസരങ്ങളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പൊലീസ് അന്വേഷണം ശക്തമാക്കിയതോടെ പ്രതി പൊന്നാനി കോടതിയില്‍ കീഴടങ്ങുകയായിരുന്നു. പൊല്‍പ്പാക്കര റിജോയിയുടെ കുഞ്ഞിന്റെ മൂന്നു പവൻ, പാറപ്പുറം കാലടി വില്ലേജ് ഓഫിസിനടുത്ത യമുനയുടെ ഒന്നര പവൻ, കാവില്‍പടി അനില്‍കുമാറിന്റെ കുഞ്ഞിന്റെ മൂന്നര പവൻ, കാലടി വില്ലേജ് ഓഫിസിനടുത്ത വീട്ടിലെ കുഞ്ഞിന്റെ ഒന്നര പവൻ എന്നിങ്ങനെ ആഭരണങ്ങള്‍ കവർന്നതായി പ്രതിയെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. എടപ്പാള്‍ പഴയ ബ്ലോക്കിലെ വീട്ടിലും എടപ്പാള്‍ ഹോസ്പിറ്റലിലും നിർത്തിയിട്ടിരുന്ന ബുള്ളറ്റ് ബൈക്കുകള്‍ മോഷ്ടിച്ചതും പ്രതി സമ്മതിച്ചു. നിരവധി വീടുകളില്‍ ജനലിലൂടെയും കുളിമുറിയിലും ഒളിഞ്ഞ് നോക്കി മാനഹാനി വരുത്തിയ കുറ്റങ്ങളും പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button