National

കാണാതായ കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതോടെ കലാപം രൂക്ഷമായി, മണിപ്പൂരിൽ ഇടപെട്ട് കേന്ദ്രം

ദില്ലി : മുഖ്യമന്ത്രിയുടെ വസതിയിലേക്കടക്കം അക്രമം വ്യാപിച്ചതോടെ മണിപ്പൂര്‍ കലാപത്തിടപെട്ട് കേന്ദ്രം. തെരഞ്ഞെടുപ്പ് പ്രചാരണം മാറ്റി വച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പൂരിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. സായുധ ​സംഘങ്ങൾക്കെതിരെ 24 മണിക്കൂറിനകം കേന്ദ്ര – സംസ്ഥാന സർക്കാറുകൾ നടപടിയെടുക്കണമെന്ന് മെയ്തെയ് സംഘടന അന്ത്യ ശാസനം നൽകി. മണിപ്പൂർ വീണ്ടും കത്തുകയാണ്. കാണാതായ കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതിന് പിന്നാലെയാണ് കലാപം രൂക്ഷമായത്. സായുധ സംഘങ്ങൾ തട്ടിക്കൊണ്ടുപോയവരെ കണ്ടെത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് മെയ്തെയ് വിഭാ​ഗക്കാ‌രുടെ പ്രതിഷേധം. ഇംഫാലിൽ മുഖ്യമന്ത്രി ബിരേൻ സിം​ഗിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചവരെ ടിയർ​ഗ്യാസ് പ്രയോ​ഗിച്ചാണ് പോലീസ് തുരത്തിയത്. മന്ത്രിമാരുടെയും എംഎൽഎമാരുടെയും വീടുകളും വാഹനങ്ങളും വ്യാപകമായി ആക്രമിക്കപ്പെട്ടു. ഇംഫാൽ മേഖലയിലെ പള്ളികളും തീയിട്ടു. സർക്കാർ ഇടപെടൽ ഫലപ്രദമാകാതായതോടെയാണ് കേന്ദ്രം ഇടപെടുന്നത്. കലാപവുമായി ബന്ധപ്പെട്ട കേസുകളെല്ലാം എൻഐഎക്ക് കൈമാറാനാണ് പോലീസിന് നിർദേശം. വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കേ മഹാരാഷ്ട്രയിലെ ​ഗഡ്ചിരോളിയിലും, വാധ്രയിലും ഇന്ന് നടത്തേണ്ടിയിരുന്ന റാലികൾ റദ്ദാക്കിയാണ് അമിത് ഷാ ദില്ലിയിൽ തുടരുന്നത്.  ഉന്നത ഉദ്യോ​ഗസ്ഥരുമായി ഷാ കൂടികാഴ്ചകൾ പൂർത്തിയാക്കിയതിന് പിന്നാലെ സിആർപിഎഫ് ഡിജി മണിപ്പൂരിലേക്ക് തിരിച്ചു. നേരത്തെ കൂടുതൽ കേന്ദ്രസേനയെ സംഘർഷം രൂക്ഷമായ ജിരിബാമിലേക്കും ഇംഫാലിലേക്കും അയച്ചിരുന്നു. സായുധ സംഘങ്ങൾക്കെതിരെ ജനങ്ങൾക്ക് ബോധ്യപ്പെടും വിധം 24 മണിക്കൂറിനകം നടപടിയെടുത്തില്ലെങ്കിൽ സർക്കാറും അധികൃതരും പ്രതിഷേധച്ചൂട് അറിയുമെന്നാണ് മെയ്തെയ് സംഘടനയായ കോർഡിനേഷൻ കമ്മിറ്റി ഓഫ് മണിപ്പൂർ ഇന്റെ​ഗ്രിറ്റിയുടെ മുന്നറിയിപ്പ്. 7 ജില്ലകളിൽ അഫ്സ്പ പുനസ്ഥാപിച്ച കേന്ദ്ര നടപടിയെയും സംഘടന വിമർശിച്ചു. നടപടി പുന പരിശോധിക്കണമെന്ന് മണിപ്പൂർ സർക്കാറും കേന്ദ്രസർക്കാറിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. മണിപ്പൂർ കത്തുന്നു, സംഘര്‍ഷം രൂക്ഷം; മുഖ്യമന്ത്രിയുടെ വീടിനും ആരാധനാലയങ്ങൾക്കും നേരെ ആക്രമണം; കനത്ത ജാ​ഗ്രത മണിപ്പൂരിൽ പരിഹാരം കാണുന്നതിൽ കേന്ദ്രസർക്കാർ സമ്പൂർണ പരാജയമാണെന്ന വിമർശനം ശക്തമാക്കുകയാണ് കോൺഗ്രസ്. ബിജെപി രാഷ്ട്രീയ താല്പര്യത്തോടെ മനപ്പൂർവം മണിപ്പൂർ കത്തിക്കുകയാണെന്നും, കലാപത്തിൽ തങ്ങളെ ഉപേക്ഷിച്ച മോദിയോട് മണിപ്പൂരിലെ ജനങ്ങൾ പൊറുക്കില്ലെന്ന് മല്ലികാർജുന് ഖർഗെ പറഞ്ഞു. പ്രധാനമന്ത്രി മണിപ്പൂരിലെത്തണമെന്ന് രാഹുൽ ഗാന്ധി ആവർത്തിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button