തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി ഒന്ന് മുതൽ ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുത്താൻ റെയിൽവേ തീരുമാനിച്ചു. കോട്ടയം വഴിയുള്ള തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്സ്പ്രസ്, തിരുനെൽവേലി-പാലക്കാട് പാലരുവി എക്സ്പ്രസ് എന്നീ ട്രെയിനുകളുടെ സമയത്തിലാണ് റെയിൽവേ മാറ്റം വരുത്തിയത്.തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്സ്പ്രസിന്‍റെ ചെങ്ങന്നൂർ മുതൽ തൃശൂർ വരെയുള്ള സമയത്തിലാണ് ജനുവരി ഒന്ന് മുതൽ മാറ്റം വരുത്തിയത്. ചെങ്ങന്നൂരിൽ നിന്നും 06.55 ന് പകരം 06.51 ന് വന്ദേഭാരത് പുറപ്പെടും. കോട്ടയത്ത് നിന്ന് പുറപ്പെടുന്ന സമയം 07.27 ൽ നിന്ന് 07.21 ലേയ്‌ക്ക് മാറും. എറണാകുളം ടൗണിൽ നിന്ന് 08.25 ന് പകരം 08.17 ന് ഇനിമുതൽ എത്തിച്ചേരും. പുതിയ സമയപ്രകാരം വന്ദേഭാരത് തൃശൂരിൽ 10 മിനിറ്റ് നേരത്തെ എത്തുകയും ചെയ്യും.20633 തിരുവനന്തപുരത്തേയ്‌ക്കുള്ള വന്ദേഭാരത് എക്സ്പ്രസിന്‍റെ സമയം കണ്ണൂർ മുതൽ എറണാകുളം ടൗൺ വരെയുള്ള സ്റ്റേഷനിൽ മാറ്റം വരും. എല്ലാ സ്റ്റേഷനിലും നേരത്തെ എത്തിച്ചേരും. എറണാകുളം ടൗണിൽ നിന്ന് 07.20 ന് പകരം ജനുവരി ഒന്ന് മുതൽ 07.15 ന് പുറപ്പെടുംരാവിലെത്തെ പാലരുവി എക്സ്പ്രസിന്‍റെ എറണാകുളം ടൗണിലെ സമയത്തിലും മാറ്റമുണ്ട്. രാവിലെ ആറു മിനിറ്റ് നേരത്തെ 08.32 ന് എത്തി, 08.37 ന് എറണാകുളത്തു നിന്ന് പുറപ്പെടും. കൊല്ലം മുതൽ പാലക്കാട് വരെയുള്ള മറ്റു സ്റ്റേഷനിലെ സമയത്തിൽ മാറ്റമില്ല.തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി, ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്സ്പ്രസ് എന്നീ ട്രെയിനുകളുടെ സമയത്തിലും ജനുവരി ഒന്ന് മുതൽ മാറ്റമുണ്ട്. ജനുവരി 1 മുതൽ ട്രെയിൻ നമ്പർ 12076 തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്സിന്റെ കൊല്ലം മുതൽ തൃശ്ശൂർ വരെയുള്ള സമയം മാറും. മുൻകാല സമയപ്രകാരം 9.40 എറണാകുളം എത്തിയിരുന്ന ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ക്ക് എത്തിച്ചേരും.ഒപ്പം മുതൽ 12626 തിരുവനന്തപുരം കേരള എക്സ്പ്രസ്സിന്റെ തൃശൂർ മുതലുള്ള സമയത്തിലും മാറ്റമുണ്ട്. എറണാകുളം ടൗണിൽ 04.30 ന് എത്തി, 04.35 ന് പുറപ്പെടുന്ന വിധമാണ് പുതിയ സമയം ക്രമീകരിച്ചിരിക്കുന്നത്. ജനുവരി ഒന്നിന് ന്യൂ ഡൽഹിയിൽ നിന്ന് പുറപ്പെടുന്ന കേരള എക്സ്പ്രസ്സ് ജനുവരി 3 നാണ് കേരളത്തിൽ എത്തിച്ചേരുക. അതുകൊണ്ട് ജനുവരി 3 മുതൽ സമയമാറ്റം കേരളത്തിൽ പ്രാബല്യത്തിൽ വരും.കണ്ണൂർ തിരുവനന്തപുരം ജനശതാബ്ദിയുടെ സമയത്തിലും 20 മിനിറ്റ് വ്യത്യാസം വന്നിട്ടുണ്ട്, തൃശൂർ മുതൽ കൊല്ലം വരെയാണ് 20 മിനിറ്റ് വ്യത്യാസം ഉണ്ടാകുക. 9.40 എറണാകുളത്ത് എത്തിയിരുന്നത് ഇനി മുതൽ 9.30ന് എത്തും. 12.35 കൊല്ലം എത്തിയിരുന്നത് ഇനി 12.20 ന് എത്തും.


