ഡെറാഡൂൺ: ഡെറാഡൂണിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്ക് പിന്നാലെ അണുബാധയേറ്റ് 26കാരി മരിച്ചതായി പരാതി. യുവതിയുടെ വയറ്റിൽ ബാന്‍ഡേജ് തുന്നിക്കെട്ടിയിരുന്നെന്നും ഇതിനെ തുടർന്ന് അണുബാധയുണ്ടായെന്നുമാണ് പരാതി. ആശുപത്രിയുടെ അനാസ്ഥക്കെതിരെ യുവതിയുടെ ഭർത്താവ് ആരോഗ്യവകുപ്പിന് പരാതി നൽകി. ജ്യോതിപാൽ എന്ന യുവതിയാണ് കഴിഞ്ഞ ഞായറാഴ്ച മരിച്ചത്. ജനുവരിയിലാണ് യുവതിയുടെ പ്രസവ ശസ്ത്രക്രിയ നടന്നത്. എന്നാൽ ആശുപത്രി അധികൃതർ യുവതിയുടെ ശരീരത്തിൽ ബാന്‍ഡേജ് മറന്നുവെക്കുകയും അതുമൂലം അണുബാധയുണ്ടാകുകയും ചെയ്തുവെന്നും പരാതിയിൽ ആരോപിക്കുന്നു. അരഘറിലെ സ്വകാര്യ ആശുപത്രിയിലാണ് യുവതി പ്രസവ ശസ്ത്രക്രിയക്ക് വിധേയയായി. കഴിഞ്ഞമാസമാണ് വിട്ടുമാറാത്ത വേദനയെത്തുടർന്ന് മറ്റൊരു ആശുപത്രിയിൽ ചികിത്സക്കായി എത്തുന്നത്. തുടർന്ന് സ്‌കാനിങ്ങടക്കമുള്ള പരിശോധനയിൽ വയറ്റിൽ ബാന്‍ഡേജ് ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇത് നീക്കം ചെയ്യാനായി വീണ്ടും ശസ്ത്രക്രിയ നടത്തി.എന്നാൽ ഞായറാഴ്ച യുവതി മരിക്കുകയായിരുന്നു.സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ജില്ലാ ചീഫ് മെഡിക്കൽ ഓഫീസർ മനോജ് ശർമ്മ പറഞ്ഞു. ഏത് ശസ്ത്രക്രിയക്ക് ശേഷവും ഉപകരണങ്ങളുടെയും ഗോസിന്റെയും കണക്ക് ഡോക്ടർമാരും നഴ്‌സുമാരും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ് മെഡിക്കൽ ഓഫീസർ പറഞ്ഞു. സംഭവം വേദനാജനകമാണെന്നും അപൂർവമായേ ഇത്തരം കാരണങ്ങൾ കൊണ്ട് മരണങ്ങൾ സംഭവിക്കൂയെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ ജനുവരിയിൽ നടന്ന ശസ്ത്രക്രിയക്ക് ശേഷം ഇത്രയും വൈകി അണുബാധ ഉണ്ടായത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കുന്നുണ്ട്. യുവതിയുടെ പ്രസവ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർക്കും ആശുപത്രിക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ആശുപത്രിജീവനക്കാർ മറുപടി അയച്ചില്ലെന്നും അന്വേഷണത്തിന് പിന്നാലെ ആശുപത്രി അടച്ചുപൂട്ടിയതായും ജില്ലാ ചീഫ് മെഡിക്കൽ ഓഫീസർ പറഞ്ഞു. മനോജ് ശർമ്മയുടെ നേതൃത്വത്തിലുള്ള നാലംഗ സമിതിയാണ് യുവതിയുടെ മരണത്തെ കുറിച്ച് അന്വേഷിക്കുന്നത്.യുവതിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും മനോജ് ശർമ്മ പറഞ്ഞു.
