തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ കേരള എൻ ജി ഒ സംഘ് കേരളപ്പിറവി ദിനത്തിൽ സെക്രട്ടേറിയറ്റിന് മുൻപിൽ പട്ടാപ്പകൽ പന്തം കൊളുത്തി പ്രതിഷേധിച്ചു. സംസ്ഥാന ജീവനക്കാർക്ക് സമയബന്ധിതമായി ലഭിക്കേണ്ട ആനുകൂല്യങ്ങൾ തടഞ്ഞുവച്ചതിലൂടെ ജീവനക്കാർ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ കണ്ടില്ലെന്ന് നടിക്കുന്ന ഇടതുസർക്കാർ കണ്ണ് തുറക്കട്ടെ എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധിച്ചത്.പന്ത്രണ്ടാം ശമ്പളപരിഷ്കരണം ഉടൻ നടപ്പിലാക്കുക, ലഭിക്കാനുള്ള ക്ഷാമബത്തയും, അനുവദിച്ച ക്ഷാമബത്തയുടെ കുടിശ്ശികത്തുകയും നൽകുക, ലീവ് സറണ്ടർ ഉൾപ്പെടെ തടഞ്ഞുവച്ച മുഴുവൻ ആനുകൂല്യങ്ങളും പുനഃ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം നൽകിയവർ പത്ത് വർഷത്തെ ഭരണത്തിൽ പോലും വാക്കുപാലിക്കാതെ വഞ്ചന തുടരുകയാണ്.17 % ക്ഷാമബത്ത കിട്ടാനുള്ളപ്പോൾ നാമമാത്ര പ്രഖ്യാപനം നടത്തിയത് ഇലക്ഷൻ തട്ടിപ്പ് മാത്രമാണ്. അതിൽപോലും 34 മാസത്തെ മുൻകാല പ്രാബല്യം നിഷേധിച്ചിരിക്കുകയാണ്. ഇതിന് മുൻപ് പ്രഖ്യാപിച്ചിട്ടുള്ളത് ഉൾപ്പടെ 15 % കുടിശിക തുകയാണ് ജീവനക്കാർക്ക് നഷ്ടപ്പെട്ടത്. കേന്ദ്ര സർക്കാർ അനുവദിക്കുന്ന തീയതിക്ക് ആനുപാതികമായി സംസ്ഥാന ജീവനക്കാർക്കും ലഭിച്ചുകൊണ്ടിരുന്ന മുൻകാല രീതി അട്ടിമറിച്ച ഇടതുസർക്കാർ സർവീസ് മേഖലയിൽ തെറ്റായ കീഴ്‌വഴക്കങ്ങളാണ് അടിച്ചേൽപ്പിക്കുന്നത്.പന്ത്രണ്ടാം ശമ്പളപരിഷ്കരണം മുടങ്ങി 15 മാസങ്ങൾ പിന്നിട്ട സാഹചര്യത്തിൽ ഇടക്കാലാശ്വാസം അനുവദിക്കണമെന്നും ബി എം. എസ് ദേശീയ സമിതി അംഗം കെ. കെ. വിജയകുമാർ ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാന പ്രസിഡന്റ് ജെ. മഹാദേവൻ, ജനറൽ സെക്രട്ടറി എസ്. രാജേഷ്, സംസ്ഥാന ട്രഷറർ സജീവൻ ചത്തോത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് അനിതാ രവീന്ദ്രൻ, കെ. ജി ഒ. സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി റ്റി. എൻ രമേശ് എന്നിവർ പ്രസംഗിച്ചു.


