പൊതുസ്ഥലവും നിരത്തും കയ്യേറിയുള്ള നിർമാണങ്ങൾ തടയാൻ തദ്ദേശ സ്ഥാപനങ്ങൾക്കു കൂടുതൽ അധികാരം നൽകുന്ന കേരള മുനിസിപ്പാലിറ്റി, കേരള പഞ്ചായത്തിരാജ് നിയമഭേദഗതി ബില്ലുകൾ നിയമസഭ പാസാക്കി. ഫീസ് അടച്ച് തദ്ദേശസ്ഥാപന സെക്രട്ടറിയിൽ നിന്ന് അനുമതി വാങ്ങി പൊതുസ്‌ഥലങ്ങളിൽ ബോർഡുകളും കൊടിതോരണങ്ങളും സ്‌ഥാപിക്കുന്നതിനുള്ള വ്യവസ്‌ഥ കൊണ്ടുവരുമെന്നു ബിൽ അവതരിപ്പിച്ച മന്ത്രി എം.ബി രാജേഷ് പറഞ്ഞു.
തദ്ദേശസ്‌ഥാപനങ്ങളിൽ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ ജനസംഖ്യ തുല്യമായി വന്നാൽ നറുക്കെടുപ്പിലൂടെ സംവരണം നിശ്ചയിക്കും. തദ്ദേശസ്‌ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾ സാമൂഹിക ഓഡിറ്റിങ്ങിനു വിധേയമാക്കും. ജനങ്ങളുടെ പങ്കാളിത്തത്തോടെ ഈ രീതിയിൽ ഓഡിറ്റ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാണു കേരളം. 2020-21ലെ ബജറ്റ് പ്രഖ്യാപനത്തിൻ്റെ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങളിലെ പെർഫോമൻസ് ഓഡിറ്റ് നിർത്തലാക്കും. അതിലെ ഉദ്യോഗസ്ഥരെ ആഭ്യന്തര വിജിലൻസിലേക്കും തദ്ദേശ സ്‌ഥാപനങ്ങളിലേക്കും പുനർവിന്യസിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
