NationalPolitcs

മൂന്നിൽ മൂന്നും തോറ്റു, ഞെട്ടി ബിജെപിയും ജെഡിഎസും; കര്‍ണാടകയിൽ കോൺഗ്രസ് കുതിപ്പ്, നിഖിൽ കുമാരസ്വാമിയും തോറ്റു

ബംഗളൂരു: കർണാടകയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് സീറ്റിലും വിജയം നേടി കോൺഗ്രസ്. ചന്നപട്ടണയിൽ സി പി യോഗേശ്വർ, സണ്ടൂരിൽ ഇ അന്നപൂർണ, ശിവ്ഗാവിൽ യൂനസ് പഠാൻ എന്നിവരാണ് വിജയിച്ചത്. കോണ്‍ഗ്രസ് മികച്ച മുന്നേറ്റം നടത്തിയപ്പോൾ ബിജെപിക്കും ജെഡിഎസ്സിനും കനത്ത തിരിച്ചടിയാണ് ലഭിച്ചിരുന്നത്. പ്രതീക്ഷിച്ച വിജയമെന്നും ഗ്യാരന്‍റികൾ താഴേത്തട്ടിൽ ഫലം കണ്ടെന്നും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പ്രതികരിച്ചു.  എന്നാല്‍, ബിജെപി, ജെഡിഎസ് നേതൃത്വങ്ങൾ മൗനത്തിലാണ്. വീണ്ടും തോറ്റതോടെ നിഖിൽ കുമാരസ്വാമിയുടെ രാഷ്ട്രീയ ഭാവി തന്നെ ചോദ്യചിഹ്നത്തിലായിരിക്കുകയാണ്. സുരക്ഷിതമായ സീറ്റുകളിൽ മത്സരിച്ചിട്ട് പോലും നിന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും നിഖില്‍ തോല്‍വിയറിഞ്ഞു. കുമാരസ്വാമി വച്ചൊഴിഞ്ഞ ചന്നപട്ടണ മണ്ഡലത്തിൽ നിന്നാണ് നിഖിൽ ഇത്തവണ മത്സരിച്ചത്. നിഖിലിനെ എൻഡിഎ സ്ഥാനാർഥി ആക്കിയതിൽ പ്രാദേശിക ബിജെപി നേതൃത്വത്തിന് കടുത്ത അതൃപ്തി ഉണ്ടായിരുന്നു. പ്രതിഷേധിച്ച് ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സി പി യോഗേശ്വർ ആണ് മണ്ഡലത്തില്‍ വിജയം നേടിയത്.  നാല് വട്ടം മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ ജയിപ്പിച്ച ശിവ്ഗാവും ബിജെപിയെ കൈവിട്ടു. ബസവരാജ് ബൊമ്മയുടെ മകൻ ഭരത് ബൊമ്മയ് ആണ് പരാജയപ്പട്ടത്. ന്യൂനപക്ഷ വോട്ടർമാരുടെ ശക്തമായ ഏകീകരണവും മണ്ഡലം ഉപേക്ഷിച്ച ബൊമ്മയുടെ നടപടിയും ബിജെപിക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.  സണ്ടൂരിൽ കോൺഗ്രസ് സ്ഥാനാർഥി ഇ അന്നപൂർണയാണ് വിജയം നേടിയത്. ബെല്ലാരി എംപിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മണ്ഡലം വച്ചൊഴിഞ്ഞ ഇ തുക്കാറാമിന്റെ ഭാര്യയാണ് ഇ അന്നപൂര്‍ണ. കർണാടക നിയമസഭയിൽ ഇതോടെ കോൺഗ്രസിന്‍റെ അംഗസംഖ്യ 136ൽ നിന്ന് 138 ആയി ഉയര്‍ന്നു. എൻഡിഎ സഖ്യത്തിന്‍റെ അംഗസംഖ്യ 85ൽ നിന്ന് 83 ആയി കുറഞ്ഞിട്ടുമുണ്ട്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button