കർഷകനെ തല്ലിക്കൊന്ന് ബിജെപി നേതാവും സംഘവും; ശരീരത്തിലൂടെ വാഹനവും കയറ്റിയിറക്കി

ഭോപ്പാൽ: മധ്യപ്രദേശിൽ കർഷകനെ ബിജെപി നേതാവും സംഘവും ചേർന്ന് അടിച്ചുകൊന്നു. ​ഗുണ ജില്ലയിലെ ​ഗണേഷ്പുര ​ഗ്രാമത്തിൽ ഞായറാഴ്ചയായിരുന്നു ക്രൂരത. 40കാരനായ രാംസ്വരൂപ് ധകഡ് ആണ് കൊല്ലപ്പെട്ടത്. ബിജെപി ബൂത്ത് കമ്മിറ്റി പ്രസി‍ഡന്റും ​ഗുണയിലെ കിസാൻ മോർച്ചാ മുൻ ഭാരവാഹിയുമായ മഹേന്ദ്ര നാ​ഗറും സംഘവുമാണ് പ്രതി. രാംസ്വരൂപും ഭാര്യയും ഇദ്ദേഹത്തിന്റെ വയലിലൂടെ നടക്കുമ്പോൾ മഹേന്ദ്രനാ​ഗറും 14 പേരടങ്ങുന്ന സംഘവും ഇവരെ പതിയിരുന്ന് ആക്രമിക്കുകയായിരുന്നെന്ന് ദൃക്സാക്ഷി പൊലീസിനോട് പറഞ്ഞു. വലിയ വടികളും ഇരുമ്പു കമ്പികളും കൊണ്ട് കർഷകനെ ക്രൂരമായി ആക്രമിച്ച ഇവർ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കുകയും ചെയ്തു. ആക്രമണം കണ്ട് പിതാവിനെ രക്ഷിക്കാനെത്തിയ രാംസ്വരൂപിന്റെ പെൺമക്കൾക്കും മർദനമേറ്റു. ​ഗ്രാമവാസികളുടെ മുന്നിലിട്ട് ഇവരെയും പ്രതികൾ വലിച്ചിഴച്ച് മർദിച്ചു. ആയുധധാരികളായ പ്രതികൾ ഇവരെ ഭയപ്പെടുത്താൻ ആകാശത്തേക്ക് വെടിയുതിർത്തുവെന്നും ദൃക്‌സാക്ഷികൾ പൊലീസിനോട് പറഞ്ഞു. ‘ഞാനെന്റെ പിതാവിനെ രക്ഷിക്കാൻ പോയപ്പോൾ അയാളെന്നെ പിടിച്ച് നിലത്തേക്ക് തള്ളി, എന്റെ വസ്ത്രം വലിച്ചുകീറി, ഞങ്ങളെ പേടിപ്പിക്കാൻ വെടിയുതിർക്കുകയും ചെയ്തു’- രാംസ്വരൂപിന്റെ മകൾ പറഞ്ഞു. ‘എന്റെ അച്ഛനും അമ്മയും പാടത്തേക്ക് പോയപ്പോൾ മഹേന്ദ്ര, ഹരീഷ്, ​ഗൗതം എന്നിവരുടെ സംഘം ആക്രമിക്കുകയായിരുന്നു. തുടർന്ന്, അച്ഛന്റെ ദേഹത്തുകൂടി വാഹനം ഓടിച്ചുകയറ്റുകയും ചെയ്തു. അയാൾ കൊലവിളി നടത്തി ആക്രോശിച്ചെങ്കിലും ഞങ്ങളെ രക്ഷിക്കാൻ ആരുമുണ്ടായില്ല’- പെൺകുട്ടി കൂട്ടിച്ചേർത്തു.ഒരു മണിക്കൂറോളം, രാംസ്വരൂപ് ചോരയിൽ കുളിച്ച് പാടത്ത് കിടന്നു. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് പ്രതിയും കൂട്ടരും തോക്ക് ചൂണ്ടി തടഞ്ഞെന്ന് നാട്ടുകാർ പറയുന്നു. ഒടുവിൽ ഗുണ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. ഫത്തേഹ്ഗഢ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗണേശ്പുരയിൽ മഹേന്ദ്ര നാ​ഗറിന്റെ വിളയാട്ടമാണെന്ന് നാട്ടുകാർ പറയുന്നു. ഇയാളുടെ പേര് കേട്ടാൽ ആളുകൾ പേടിക്കുമെന്ന് ഗ്രാമവാസികൾ പറയുന്നു. ആരും ഇയാൾക്കെതിരെ സംസാരിക്കാൻ ധൈര്യപ്പെടുന്നില്ല. വർഷങ്ങളായി ഇയാൾ ഭൂമികൾ കൈയടക്കിവരികയാണെന്ന് ഒരു ഗ്രാമീണൻ പറഞ്ഞു. കുറഞ്ഞത് 25 കർഷകരെങ്കിലും തങ്ങളുടെ ഭൂമി തുച്ഛമായ വിലയ്ക്ക് വിറ്റ് ഓടിപ്പോയി. എതിർക്കുന്നവരെ തല്ലുകയോ പുറത്താക്കുകയോ ചെയ്യുകയാണ് മഹേന്ദ്രയുടെ രീതി. എന്നാൽ ഇതിന് രാംസ്വരൂപ് തയാറാവാതിരുന്നതോടെയാണ് കൊലയ്ക്ക് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവത്തിൽ, മഹേന്ദ്ര നാ​ഗർ, ജിതേന്ദ്ര നാ​ഗർ, ഇവരുടെ കുടുംബത്തിലെ മൂന്ന് സ്ത്രീകൾ എന്നിവരുൾപ്പെടെ 14 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇവർക്കെതിരെ കൊലപാതകം, ​ഗൂഢാലോചന, ആക്രമണം, സ്ത്രീകളെ അപമാനിക്കുക എന്നീ വകുപ്പുകൾ ചുമത്തിയാണ് ഫത്തേ​ഹ്​ഗഢ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരി‌‌ക്കുന്നത്. രാജസ്ഥാനിലെ പച്ഛൽവാഡ സ്വദേശി കനയ്യ നാ​ഗർ എന്നയാളും രാംസ്വരൂപും തമ്മിൽ ഭൂമിതർക്കം നിലനിന്നിരുന്നതായി സബ് ഡിവിഷനൽ പൊലീസ് ഓഫീസർ വിവേക് അസ്താന പറഞ്ഞു. ‘പച്ഛൽവാഡയിലെ ആറ് ബീഘ ഭൂമിയുമായി ബന്ധപ്പെട്ടാണ് തർക്കം നിലനിന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ട ശത്രുത മൂലമാണ് കനയ്യ, മഹേന്ദ്ര, മറ്റ് 13-14 പേർ എന്നിവർ രാംസ്വരൂപിനെ ആക്രമിച്ചത്. ​ഗുരുതരമായി പരിക്കേറ്റ രാംസ്വരൂപിന്റെ ശരീരത്തിലൂടെ പ്രതി വാഹനം കയറ്റിയിറക്കുകയും ചെയ്തു. ഇതേതുടർന്ന് കർഷകൻ വൈകീട്ടോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. അന്വേഷണം പുരോ​ഗമിക്കുകയാണ്’- അദ്ദേഹം വിശദമാക്കി. ബിജെപി ‌ജില്ലാ പ്രസിഡന്റ് ധർമേന്ദ്ര സിക്കർവാർ മഹേന്ദ്ര നാ​ഗറിന് പാർട്ടിയുമായുള്ള ബന്ധം സ്ഥിരീകരിച്ചു. മഹേന്ദ്രയെ ബിജെപിയിൽ നിന്ന് ഉടൻ നീക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന നേതാക്കൾക്ക് കത്തെഴുതിയിട്ടുണ്ടെന്നും ആരും നിയമത്തിന് അതീതരല്ലെന്നും ധർമേന്ദ്ര സിക്കർവാർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button