ചാവക്കാട്: ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയത് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മന്നലാംകുന്ന് ഡിവിഷൻ കോൺഗ്രസ് സ്ഥാനാർഥി സുബൈദ പാലക്കൽ. 2482 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് സുബൈദ പാലക്കൽ ജയിച്ചത്. ഡിവിഷനിലെ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ നാമനിർദേശപത്രിക തള്ളിപ്പോയിരുന്നു. ഇതോടെ മത്സര രംഗത്ത് യു.ഡി.എഫ്, എസ്.ഡി.പി.ഐ, ബി.ജെ.പി സ്ഥാനാർത്ഥികളാണ് ഉണ്ടായിരുന്നത്. സുബൈദ പാലക്കൽ 3922 വോട്ട് നേടിയപ്പോൾ 1440 വോട്ടുകൾ നേടി എസ്.ഡി.പി.ഐയുടെ നിഹാല ഒലീത് രണ്ടാം സ്ഥാനത്ത് എത്തി. മൂന്നാം സ്ഥാനത്തെത്തിയ ബി.ജെ.പിയുടെ സ്മിത 454 വോട്ടാണ് നേടിയത്.എടക്കഴിയൂർ മത്സ്യത്തൊഴിലാളി സൊസൈറ്റി പ്രസിഡന്റ്, മഹിള കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി, ജില്ല പ്രവാസി ബാങ്ക് ഡയറക്ടർ എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന സുബൈദ പാലക്കൽ 2010-15 ൽ വാടാനപ്പള്ളി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിരുന്നു. യൂത്ത് കോൺഗ്രസ് മുൻ ജില്ല സെക്രട്ടറി താരിഖ് ആണ് ഭർത്താവ്. മക്കൾ: നാജി, നൗഫിത, നജീബ്, ആമിന മെഹ്റിൻ.


