Sports

ബ്രസീലിന് വീണ്ടും സമനിലക്കുരുക്ക്; മാര്‍ട്ടിസിന്‍റെ വിസ്‌മയ ഗോളില്‍ ജയിച്ച് അര്‍ജന്‍റീന

ബ്യൂണസ് ഐറിസ്: ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ മേഖലയില്‍ അര്‍ജന്‍റീനയ്ക്ക് ജയവും ബ്രസീലിന് സമനിലയും. അര്‍ജന്‍റീന ഏകപക്ഷീയമായ ഒരു ഗോളിന് പെറുവിനെ തോല്‍പിച്ചപ്പോള്‍ ബ്രസീല്‍ ഉറുഗ്വെയോട് 1-1ന് സമനില വഴങ്ങുകയായിരുന്നു. ഇരു മത്സരത്തിലുമായി പിറന്ന മൂന്ന് ഗോളും ഒന്നിനൊന്ന് മികച്ചതായി.  ബ്യൂണസ് ഐറിസിലെ ലാ ബൊമ്പനേര സ്റ്റേഡിയത്തില്‍ ഒറ്റ ഗോള്‍ ജയമെങ്കിലും ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ വിജയവഴിയില്‍ തിരിച്ചെത്തുകയായിരുന്നു അര്‍ജന്‍റീന. ഇതിഹാസ താരം ലിയോണല്‍ മെസിയടക്കം ശക്തമായ സ്റ്റാര്‍ട്ടിംഗ് ഇലവനെയാണ് പെറുവിനെതിരെ അര്‍ജന്‍റീന അണിനിരത്തിയത്. 55-ാം മിനുറ്റില്‍ സ്ട്രൈക്കര്‍ ലൗറ്റാരോ മാര്‍ട്ടിസിന്‍റെ വിസ്‌മയ ഗോളാണ് അര്‍ജന്‍റീനയ്ക്ക് ജയം സമ്മാനിച്ചത്. മെസി വച്ചുനീട്ടിയ ക്രോസില്‍ നിന്നായിരുന്നു വോളിയിലൂടെ മാര്‍ട്ടിനസിന്‍റെ വിജയഗോള്‍. പന്തടക്കത്തിലും ആക്രണത്തിലും പെറുവിനെ നിഷ്‌പ്രഭമാക്കിക്കളഞ്ഞു മെസിപ്പട. പെറുവിന് ഒരു ടാര്‍ഗറ്റ് ഷോട്ട് പോലും ഉതിര്‍ക്കാനായില്ല.  അതേസമയം മുന്‍ ചാമ്പ്യന്‍മാരായ ബ്രസീല്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സമനില വഴങ്ങി. സാല്‍വദോറിലെ ഫോണ്ടേ നോവാ അരീനയില്‍ 55-ാം മിനുറ്റില്‍ റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ഫെഡെ വാര്‍വെര്‍ദയുടെ മിന്നലടിയില്‍ ഉറുഗ്വെ മുന്നിലെത്തിയിരുന്നു. ബോക്‌‌സിന് പുറത്ത് നിന്നുള്ള മിന്നല്‍പ്പിണരായിരുന്നു വാര്‍വെര്‍ദെ ഉതിര്‍ത്തത്. 62-ാം മിനുറ്റില്‍ ഉറുഗ്വെ ക്ലിയറന്‍സിലെ പിഴവ് മുതലെടുത്ത് ഗെര്‍സണ്‍ ബ്രസീലിനെ ഒപ്പമെത്തിച്ചു. ഉഗ്രന്‍ ഹാഫ് വോളിയിലായിരുന്നു ഈ ഗോള്‍. ഊര്‍ജം തിരിച്ചുപിടിച്ചിട്ടും എന്നാണ് വിജയഗോളിലേക്ക് എത്താന്‍ പിന്നീട് കാനറികള്‍ക്കായില്ല. കഴിഞ്ഞ മത്സരത്തില്‍ വെനസ്വേലയോടും സമനിലയായിരുന്നു (1-1) ബ്രസീലിന് ഫലം.  ലാറ്റിനമേരിക്കന്‍ ക്വാളിഫയറില്‍ 12 മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ 25 പോയിന്‍റുമായി അര്‍ജന്‍റീനയാണ് തലപ്പത്ത്. 20 പോയിന്‍റുള്ള ഉറുഗ്വെ രണ്ടാമത് നില്‍ക്കുന്നു. 18 പോയിന്‍റില്‍ നില്‍ക്കുന്ന ബ്രസീല്‍ അഞ്ചാമതാണ്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button