‘
ലഖ്‌നൗ: മുസ്‍ലിം പെൺകുട്ടികളെ ‘കൊണ്ടുവരുന്ന’ ഹിന്ദു യുവാക്കൾക്ക് പ്രതിഫലമായി ജോലി നൽകുമെന്ന് ബിജെപി നേതാവ് രാഘവേന്ദ്ര പ്രതാപ് സിങ്. ഉത്തര്‍പ്രദേശിലെ സിദ്ധാർത്ഥ് നഗറിൽ നടന്നൊരു പൊതുയോഗത്തിലാണ് മുന്‍ എംഎല്‍എ കൂടിയായുള്ള അദ്ദേഹത്തിന്റെ വിദ്വേഷ പരാമര്‍ശങ്ങള്‍.’മുസ്‍ലിം ആൺകുട്ടികൾ രണ്ട് ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിച്ച് മതം മാറ്റിയാൽ, പകരം ഹിന്ദുക്കൾ 10 മുസ്‍ലിം പെൺകുട്ടികളെ ‘കൊണ്ടുവരണമെന്ന്’ അദ്ദേഹം പറഞ്ഞു. ഇങ്ങനെ കൊണ്ടുവന്നാല്‍ അവരുടെ വിവാഹച്ചെലവുകൾ ബിജെപി വഹിക്കുമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ സർക്കാരുകളുമായി നോക്കുകയാണെങ്കില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാലഘട്ടത്തില്‍ ഇത്തരം നടപടികൾ ഭയമില്ലാതെ സ്വീകരിക്കാൻ കഴിയുമെന്ന് സിങ് വ്യക്തമാക്കി. ഒക്ടോബർ 16 ന് ധൻഖർപൂർ ഗ്രാമത്തിൽ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതേസമയം ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത് എത്തി. മതവിദ്വേഷം പ്രചരിപ്പിക്കുകയും സമൂഹത്തെ വിഭജിക്കുകയും തൊഴിലില്ലാത്ത യുവാക്കളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന ഇത്തരം പ്രസ്താവനകൾ ബിജെപിയുടെ യഥാർത്ഥ രാഷ്ട്രീയമാണ് വെളിവാക്കുന്നതെന്ന് യുപി കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ബിജെപി നേതാവിനെതിരെ രൂക്ഷവിമർശനവുമായി മായാവതിയും രംഗത്ത് എത്തി. രാഘവേന്ദ്ര പ്രതാപ് സിങിനെ രക്ഷിക്കുന്നതിന് പകരം ഇത്തരം പ്രസ്താവനകൾ നടത്തിയതിന് അദ്ദേഹത്തിനെതിരെ നടപടിയാണ് എടുക്കേണ്ടതെന്ന് മായാവതി പറഞ്ഞു


