Site icon Newskerala

ബിഎസ്എൻഎല്ലിന്റെ ദീപാവലി ഓഫര്‍; ഒരു രൂപക്ക് ഒരു മാസം ഇന്റർനെറ്റ്

ന്യൂഡൽഹി: ദീപാവലി പ്രമാണിച്ച് പുതിയ ബിഎസ്എൻഎൽ കണക്ഷൻ എടുക്കുന്നവർക്ക് വെറും ഒരു രൂപ ചെലവിൽ ഒരു മാസത്തേക്ക് പ്രതിദിനം രണ്ട് ജിബി ഇന്റർനെറ്റ് അടക്കമുള്ള സൗകര്യങ്ങൾ ലഭിക്കും.

അൺലിമിറ്റഡ് വോയ്‌സ് കോൾ, പ്രതിദിനം 100 എസ്എംഎസ്, എന്നിവയാണ് ഒരു മാസത്തേക്ക് ലഭിക്കുക. നവംബർ 15വരെ ഇത്തരത്തിൽ സിം എടുക്കാം. താൽപര്യമുള്ളവർ ബിഎസ്എൻഎൽ കസ്റ്റമർ സർവീസ് സെന്ററിൽ പോയി ദീപാവലി ബൊണാൻസ പ്ലാൻ ആവശ്യപ്പെടണം.

കൈവൈസി നടപടിക്രമങ്ങൾക്ക് ശേഷം സിം ലഭിക്കും. സിം ആക്ടിവേറ്റ് ആകുന്ന ദിവസം മുതൽ 30 ദിവസത്തേക്കായിരിക്കും ആനുകൂല്യങ്ങൾ ലഭിക്കുക.
കൂടുതൽ വരിക്കാരെ ആകർഷിക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് പുതിയ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ആഗസ്റ്റിൽ സ്വാതന്ത്ര്യദിന ആഘോഷങ്ങളോട് അ‌നുബന്ധിച്ച ആസാദി കാ പ്ലാൻ എന്ന പേരിൽ അ‌വതരിപ്പിച്ച ഒരു രൂപയുടെ പ്ലാൻ തന്നെയാണ് പുനരവതരിപ്പിച്ചിരിക്കുന്നത്.

വലിയ പരസ്യങ്ങളൊന്നും ഇല്ലാതെ തന്നെ ആളുകളെ ബിഎസ്എൻഎല്ലിലേക്ക് ആകർഷിക്കാൻ ഒരു രൂപ ഓഫറിലൂടെ കഴിയുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളുടെ വില വച്ച് നോക്കിയാൽ ഇത്രയും ആനുകൂല്യങ്ങൾക്ക് ചുരുങ്ങിയത് 200 രൂപയ്ക്ക് മുകളിൽ വില വരുന്നതാണ്.

Exit mobile version