തൃശൂര്‍ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു
തൃശ്ശൂർ: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. ഇന്നലെ രാത്രി 11.30 നാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് പാലയിലേക്ക് പോകുന്ന സൂപ്പർഫാസ്റ്റ് ബസ്സും എറണാകുളം നെടുമ്പാശ്ശേരി എസി ലോ ഫ്ലവർ ബസ്സും തമ്മിലാണ് അപകടമുണ്ടായത്. സ്റ്റാൻഡിൽ നിന്ന് പുറത്തേക്ക് പോവുകയായിരുന്നു പാലാ ബസ് പുറകോട്ട് എടുക്കുന്നതിനിടയിൽ എസി ലോ ഫ്ലവർ ബസ്സിന്റെ സൈഡിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ എസി ബസിന്റെ സൈഡിലെ ചില്ല് തകർന്നു. ഇതോടെ രണ്ട് ബസുകളും അപകടമുണ്ടായ സ്ഥലത്ത് നിർത്തിയിട്ടു. രണ്ടു ബസിലെയും യാത്രക്കാർ അർദ്ധരാത്രിയിൽ പെരുവഴിയിലായി. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം വീർപ്പുമുട്ടുന്ന അവസ്ഥയിലാണ് നിലവിൽ തൃശ്ശൂർ കെഎസ്ആർടിസി സ്റ്റാൻഡ്. സ്റ്റാൻഡിലെ റോഡുകളും തകർന്ന അവസ്ഥയിലാണ്. സ്ഥലപരിമിതയും പ്രധാന വിഷയമാണ്. ദിനംപ്രതി 100 കണക്കിന് ബസ്സുകളും ആയിരക്കണക്കിന് യാത്രക്കാരും വന്നു പോകുന്ന ബസ് സ്റ്റാൻഡിൽ ആവശ്യത്തിനു സ്ഥല സൗകര്യങ്ങൾ ഇല്ല. ഉള്ള സ്ഥലത്ത് കെഎസ്ആർടിസിയുടെ പെട്രോൾ പമ്പ് വന്നത് ബസുകൾക്ക് സ്റ്റാൻഡിൽ പ്രവേശിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. തിരക്കുള്ള സമയത്ത് ബസുകൾ വരുമ്പോൾ ഗതാഗത കുരുക്കിനും സ്ഥലപരിമിതി കാരണമാകുന്നുണ്ട്.