Site icon Newskerala

വിൽപ്പന വർധിപ്പിച്ച് ബി.വൈ.ഡി സീലിയൻ 7; ജനുവരി മുതൽ വിലയും വർധിക്കും!

ചൈനീസ് ഇലക്ട്രിക് വാഹന ഭീമന്മാരായ ബി.വൈ.ഡി (ബിൽഡ് യുവർ ഡ്രീം) യുടെ മിഡ്-സൈസ് ക്രോസോവർ സീലിയൻ 7 എസ്.യു.വിയുടെ വിൽപ്പനയിൽ വർധനവ്. 2025 ഫെബ്രുവരിയിൽ ഇന്ത്യൻ വിപണിയിലെത്തിയ വാഹനത്തിന്റെ ഡെലിവറികൾ ആരംഭിച്ചത് 2025 മാർച്ചിലാണ്‌. തുടർന്നുള്ള എട്ട് മാസംകൊണ്ട് 2,000 യൂനിറ്റുകൾ നിരത്തിലെത്തിക്കാൻ കമ്പനിക്ക് സാധിച്ചു. വിൽപ്പനയിൽ മാറ്റമുണ്ടായതോടെ 2026 ജനുവരി ഏഴ് മുതൽ വാഹനത്തിന്റെ വിലയും വർധിക്കുമെന്ന റിപോർട്ടുകൾ ഇപ്പോൾ പുറത്തുവരുന്നുണ്ട്. കഴിഞ്ഞ എട്ടുമാസങ്ങൾ കൊണ്ട് 2,000 യൂനിറ്റുകൾ വിൽപ്പന നടത്തിയ ബി.വൈ.ഡി സീലിയൻ 7 പ്രതിമാസം 250 യൂനിറ്റുകൾ നിരത്തുകളിൽ എത്തിച്ചിട്ടുണ്ട്. പൂർണമായും ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾ ഈയൊരു അളവിൽ വിൽപ്പന നടത്തുന്നത് വലിയ നേട്ടമാണ്.യൂറോ-സ്പെക്, യൂറോ എൻ.സി.എ.പി ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ സുരക്ഷ നേടിയ മോഡലാണ് ഇന്ത്യയിലും വിൽപ്പന നടത്തുന്നത്. രാജ്യത്തെ 40 വൻകിട നഗരങ്ങളിലായി 47 ഷോറൂമുകൾ കമ്പനി നടത്തി വരുന്നുണ്ട്. ടെസ്‌ല മോഡൽ വൈ, ഹ്യുണ്ടായ് അയോണിക് 5, കിയ ഇ.വി6, വോൾവോ ഇ.എക്സ് 40 തുടങ്ങിയ മോഡലുകളോട് നേരിട്ട് മത്സരിക്കുന്ന സീലിയൻ 7 പ്രീമിയം മോഡലിന്റെ നിലവിലെ എക്സ് ഷോറൂം വില 48.9 ലക്ഷം രൂപയാണ്. സീലിയന്റെ പെർഫോമൻസ് മോഡലിന് 54.9 ലക്ഷം (എക്സ് ഷോറൂം) രൂപയും. ബേസ് മോഡലിൽ സിംഗിൾ മോട്ടോർ റിയർ-വീൽ ഡ്രൈവും ഉയർന്ന വകഭേദത്തിൽ ഡ്യൂവൽ-മോട്ടോർ ഓൾ-വീൽ ഡ്രൈവ് വകഭേദവും വിപണിയിൽ ലഭ്യമാണ്.82.56 kWh ലിഥിയം അയോൺ ഫോസ്‌ഫേറ്റ് ബാറ്ററിയാണ് ബി.വൈ.ഡി സീലിയൻ 7 പ്രീമിയം, പെർഫോമൻസ് മോഡലുകളെ ചലിപ്പിക്കുന്നത്. സിംഗിൾ മോട്ടോർ സജ്ജീകരണത്തിലെത്തുന്ന പ്രീമിയം വകഭേദം പരമാവധി 313 എച്ച്.പി കരുത്തും 380 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിക്കും. അതേസമയം ഓൾ-വീൽ ഡ്രൈവിൽ എത്തുന്ന പെർഫോമൻസ് വേരിയന്റ് പരമാവധി 530 എച്ച്.പി കരുത്തും 690 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഡ്യൂവൽ മോട്ടോർ സജ്ജീകരണമാണ്. സി.എൽ.ടി.സി/എൻ.ഇ.ഡി.സി സാക്ഷ്യപ്പെടുത്തിയ റേഞ്ച് അനുസരിച്ച് പ്രീമിയം 567 കിലോമീറ്ററും പെർഫോമൻസ് 542 കിലോമീറ്ററും സഞ്ചരിക്കും.10.25-ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനെ കൂടാതെ 15.6-ഇഞ്ച് റൊട്ടേറ്റിങ് ഇൻഫോടൈന്മെന്റ് സ്ക്രീനും സീലിയണിൽ ബി.വൈ.ഡി നൽകിയിട്ടുണ്ട്. കൂടാതെ പനോരാമിക് സൺറൂഫ്, വയർലെസ്സ് മൊബൈൽ ചാർജിങ്, ഡ്യൂവൽ ടൈപ്പ് സി പോർട്ട് (ഫ്രണ്ട് ആൻഡ് റിയർ), ഇലക്ട്രിക് ടൈൽഗേറ്റ് എന്നിവയും ലഭിക്കുന്നു. സുരക്ഷയിൽ ഒട്ടും പിന്നിലല്ലാത്ത ബി.വൈ.ഡി 11 എയർബാഗുകൾ ഉൾപ്പെടെ 360 ഡിഗ്രി കാമറ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിങ് സെൻസർ എന്നിവക്ക് പുറമെ ADAS സ്യൂട്ടും വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.

Exit mobile version