ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായ്ക്ക് ആദരമർപ്പിച്ച് നാനാജാതി മതസ്ഥർ
കോതമംഗലം∙ മതമൈത്രിയുടെ പ്രതീകമെന്നു മാർ തോമാ ചെറിയപള്ളിക്കും കോതമംഗലത്തിനുമുള്ള വിശേഷണം ശരിവയ്ക്കുന്നതായിരുന്നു ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ വിയോഗ വാർത്ത അറിഞ്ഞപ്പോൾ മുതലുള്ള കാഴ്ചകൾ.ഇന്നലെ പുലർച്ചെ മൂന്നരയോടെ ഭൗതികശരീരം പള്ളിയിലെത്തിച്ചപ്പോൾ മുതൽ തങ്ങളുടെ ആത്മീയ ഇടയനെ അവസാനമായി ഒരുനോക്കു കാണാനുള്ള വിശ്വാസികളുടെ ഒഴുക്കിനൊപ്പം അന്തിമോപചാരം അർപ്പിക്കാൻ നാനാജാതി മതസ്ഥരുടെയും പ്രവാഹമായിരുന്നു.
പുലർച്ചെ തുടങ്ങിയ മഴയും ജനത്തിരക്കിനു തടസ്സമായില്ല. വിയോഗം അറിഞ്ഞതു മുതൽ നഗരത്തിന്റെ വിവിധയിടങ്ങളിൽ സംഘടനകളുടെയും സ്ഥാപനങ്ങളുടെ മുൻപിലും അനുശോചനം അറിയിച്ചുള്ള ബോർഡുകൾ ഉയർന്നു. സമൂഹമാധ്യമങ്ങളിലും അനുശോചന പ്രവാഹമായിരുന്നു. ചെറിയപള്ളിയിലും വലിയപള്ളിയിലും ചടങ്ങുകൾ പൂർത്തിയാക്കി പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലേക്കു നഗരത്തിലൂടെ വിലാപയാത്ര കടന്നുപോയപ്പോൾ ആദരസൂചകമായി വ്യാപാരസ്ഥാപനങ്ങൾ അടച്ചു.ശ്രേഷ്ഠ ബാവാ ജീവിതത്തിൽ ഏറെ സ്നേഹവായ്പോടെ കരുതിയ കോതമംഗലത്തെ ജനങ്ങൾ വികാരനിർഭരമായാണു വിടനൽകിയത്
കബറടക്കം ഇന്നു വൈകിട്ട് 4നു പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ മാർ അത്തനേഷ്യസ് കത്തീഡ്രലിൽ നടക്കും. യാക്കോബായ സഭയുടെ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്, പാത്രിയർക്കീസ് ബാവായുടെ പ്രതിനിധികളായ അമേരിക്കൻ ആർച്ച് ബിഷപ് മാർ ദിവന്നാസിയോസ് ജോൺ കവാക്, യുകെ ആർച്ച് ബിഷപ് മാർ അത്തനാസിയോസ് തോമ ഡേവിഡ് തുടങ്ങിയവർ കബറടക്ക ശുശ്രൂഷകൾക്കു മുഖ്യ കാർമികത്വം വഹിക്കും.പ്രവൃത്തി മണ്ഡലമായിരുന്ന കോതമംഗലത്തും ജന്മസ്ഥലവും സഭാ ആസ്ഥാനവുമായ പുത്തൻകുരിശിലേക്കുള്ള വിലാപയാത്രയിലെയും ജനപങ്കാളിത്തം ബാവായ്ക്കുള്ള സ്നേഹാഞ്ജലിയായി.