CrimeKerala

പതിവ് പരിപാടിയുമായി ആലപ്പുഴയിൽ നിന്ന് കന്നുകാലികളെ മലപ്പുറത്തേക്ക് കടത്തി, പക്ഷേ ഇത്തവണ പാളി; പിടിയിലായത് ഇങ്ങനെ!

ആലപ്പുഴ: കന്നുകാലികളെ മോഷ്ടിച്ച് വിൽപ്പന നടത്തുന്ന മോഷ്ടാവ് അറസ്റ്റിൽ. ആലപ്പുഴയിൽ നിന്നും നാല് കന്നുകാലികളെ മോഷ്ടിച്ച് കടത്തിയ മലപ്പുറം സ്വദേശി അലിയാണ്  അരൂർ പൊലീസിന്‍റെ പിടിയിലായത്. കന്നുകാലികളെ മോഷടിച്ച് മറിച്ചുവിൽക്കുന്നത് അലിയുടെ സ്ഥിരം പരിപാടിയാണെന്നാണ് പൊലീസ് പറയുന്നത്. പക്ഷേ  ആലപ്പുഴ ചന്തിരൂരിലെ മോഷണം  പാളി, അരൂർ പൊലീസിന്‍റെ പിടിയിലായി. കഴിഞ്ഞ മാസം 28 നാണ് അലി മലപ്പുറത്ത് നിന്ന് ലോറിയിൽ ചന്തിരൂരിലെത്തിയത്. അരൂരിലെ ഒരു വീട്ടിൽ തൊഴുത്തിലുണ്ടായിരുന്ന മൂന്ന് കാളകളെയും തൊട്ടടുത്ത പറമ്പിലുണ്ടായിരുന്ന പശുവിനെയും മോഷ്ടിച്ചു. ശേഷം കന്നുകാലികളെ ലോറിയിൽ കയറ്റി മലപ്പുറത്തെത്തിച്ചു. വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു, അന്വേഷണത്തിൽ KL-11-BE-1821 എന്ന വാഹനം അരൂരിൽ വിവിധ സിസിടിവികളിൽ നിന്നും പൊലീസ് തിരിച്ചറിഞ്ഞു. പിന്നീട് വാഹന നമ്പർ കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിലാണ് നിരവധി മോഷണക്കേസുകളിൽ പ്രതിയായ അലിയെ കണ്ണൂ‍ർ തലശേരിയിൽ നിന്ന് അരൂർ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് അരൂർ എസ്ഐ ഗീതുമോള്‍ പറഞ്ഞു.  കന്നുകാലികളെ മറിച്ചുവിറ്റുവെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. കോടതിയിൽ ഹാജരാക്കിയ അലിയെ റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button