Site icon Newskerala

കുട്ടിയുടെ കൈ മുറിച്ച സംഭവം: ഡോക്ടർമാരെ രക്ഷിക്കാൻ നീക്കമെന്ന് മാതാവ്

പാലക്കാട്: ഒമ്പതു വയസ്സുകാരിയുടെ കൈമുറിച്ചു മാറ്റിയ സംഭവത്തിൽ വെള്ളിയാഴ്ച പുറത്തുവന്ന ഡി.എം.ഒയുടെ അന്വേഷണ റിപ്പോർട്ട് ഡോക്ടർമാരെ രക്ഷിക്കാനാണെന്ന് കുട്ടിയുടെ മാതാവ് പ്രസീദ. കൃത്യമായ പരിശോധന നടന്നില്ല. കുട്ടിയെ അഡ്മിറ്റാക്കി ചികിത്സിച്ചിരുന്നുവെങ്കിൽ ഈ ദുരവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും പ്രസീദ മാധ്യമങ്ങളോട് പറഞ്ഞു. വീണ് പരിക്കേറ്റ കുട്ടിയുടെ കൈയിൽ മുറിവുണ്ടായിരുന്നു. ഇത് ഡോക്ടർമാർ ശ്രദ്ധിച്ചിരുന്നുവെങ്കിൽ അണുബാധ ഉണ്ടാകുമായിരുന്നില്ല. മുറിവിന് കൃത്യമായ ചികിത്സ നൽകിയില്ല. ഡോക്ടർമാരുടെ ഭാഗത്തെ തെറ്റ് മറയ്ക്കാനാണ് ശ്രമിക്കുന്നതെന്നും പ്രസീദ ആരോപിച്ചു. അതേസമയം, വിഷയത്തിൽ കേന്ദ്രമന്ത്രിക്ക് ഉൾപ്പെടെ കുടുംബം പരാതി നൽകി. കൂടുതൽ പരാതിയുമായി മുന്നോട്ടുപോകാനാണ് കുടുംബത്തിന്‍റെ തീരുമാനം. കുട്ടിയുടെ ചികിത്സയിലെ പിഴവ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ. ബാബു എം.എൽ.എ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. മെഡിക്കൽ കോളജ് ഡോക്ടർമാർക്കെതിരെയും പരാതി പാലക്കാട്: പൂർണമായി ചികിത്സ നൽകുന്നതിനുമുമ്പ് ഒമ്പതു വയസ്സുകാരി വിനോദിനിയുടെ കൈ മുറിച്ചുമാറ്റിയ കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർമാർക്കെതിരെയും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനും ഹൈകോടതി അഭിഭാഷകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇത്തരം സാഹചര്യത്തിൽ കൈ മുറിച്ചുമാറ്റാതെതന്നെ മുറിവ് ഭേദമാക്കാൻ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും കോഴിക്കോട് മെഡിക്കൽ കോളജിലുണ്ടെന്നും അതിനാൽ കുട്ടിക്ക് ആവശ്യമായ മുഴുവൻ ചികിത്സയും നൽകാതെ വളരെ വേഗം കൈ മുറിച്ചുമാറ്റിയ മെഡിക്കൽ കോളജിലെ ഡോക്ടർമാർക്കെതിരെയും സമഗ്ര അന്വേഷണവും നടപടിയും വേണമെന്നും പരാതിയിൽ പറയുന്നു.

Exit mobile version