പാലക്കാട്: ക്രിസ്മസും പുതുവർഷവും അടുത്തതോടെ പ്രധാന നഗരങ്ങളിൽനിന്ന് കേരളത്തിലേക്ക് ട്രെയിൻ ടിക്കറ്റ് കിട്ടാനില്ല. ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽനിന്നാണ് ടിക്കറ്റ് കിട്ടാക്കനിയാവുന്നത്. ഡിസംബർ തുടക്കത്തിൽതന്നെ ബംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസിലെ ക്രിസ്‌മസ് ദിന ബുക്കിങ് പൂർത്തിയായി. വെയ്‌റ്റിങ് ലിസ്‌റ്റ് പരിധി പിന്നിട്ടതോടെ 20, 25 തീയതികളിൽ ടിക്കറ്റെടുക്കാനാകില്ല. 20 മുതൽ 30 വരെ ചെയർകാറിലെ വെയ്‌റ്റിങ് ലിസ്റ്റ് 100 കടന്നു. എറണാകുളത്തുനിന്നുള്ള മടക്ക സർവിസിൽ 28, ജനുവരി നാല് ദിവസങ്ങളിലെ ബുക്കിങ്ങും നിർത്തി. ബംഗളൂരു വന്ദേഭാരതിലെ കോച്ചുകൾ എട്ടിൽനിന്ന് 16 ആക്കണമെന്ന ആവശ്യം ശക്തമാണ്. എറണാകുളം-ബംഗളൂരു ഇന്‍റസിറ്റിയിലും ടിക്കറ്റ് തീർന്നു. സാധാരണ സർവിസ് നടത്തുന്ന ട്രെയിനുകളിലും റിസർവേഷൻ കോച്ചുകളിൽ സീറ്റ് ലഭിക്കാത്ത സാഹചര്യമാണ്. ക്രിസ്മസ്, പുതുവർഷ തിരക്ക് പരിഗണിച്ച് റെയിൽവേ ബംഗളൂരു, ചെന്നൈ എന്നിവടങ്ങളിൽനിന്ന് സ്പെഷൽ ട്രെയിനുകൾ അനുവദിച്ചിട്ടില്ല.ശബരിമല സീസണിൽ അനുവദിച്ച ശബരി സ്പെഷൽ മാത്രമാണുള്ളത്. നിലവിലുള്ള നിരക്കിന്‍റെ 1.3 മടങ്ങാണ് സ്പെഷൽ ട്രെയിനുകളിൽ ഈടാക്കുന്നത്. ഇത്തരം ട്രെയിനുകളിലാകട്ടെ, സ്റ്റോപ്പുകൾ കുറവുമാണ്. വർധിച്ച തിരക്ക് മുതലെടുത്ത് യാത്രക്കാരുടെ കീശ ചോർത്തുകയാണ് സ്വകാര്യ ബസുകൾ. ബംഗളൂരു, ചെന്നൈ റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസുകളാണ് സീസൺ മുതലെടുത്ത് യാത്രക്കാരെ പിഴിയുന്നത്.


