കൊച്ചി: കസ്റ്റഡിയിലെടുത്ത ഭർത്താവിനെ അന്വേഷിച്ച് പൊലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയെ മർദിച്ച സി.ഐക്ക് സസ്പെൻഷൻ. 2024 ജൂൺ 20ന് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ നടന്ന സംഭവത്തിന്‍റെ വിഡിയോദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് നടപടി. എസ്.എച്ച്.ഒ ആയിരുന്ന പ്രതാപചന്ദ്രനാണ് ക്രൂരമായി മർദിച്ചത്. തൊടുപുഴ സ്വദേശിനി ഷൈമോൾക്കാണ് മർദനമേറ്റത്. യുവതിയുടെ ഒരുവർഷത്തിലധികം നീണ്ട പോരാട്ടത്തിനൊടുവിൽ ഹൈകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് യുവതിക്ക് കൈമാറുകയായിരുന്നു. ഗർഭിണിയായ യുവതിയുടെ നെഞ്ചിൽ പിടിച്ച് തള്ളുന്നതും മുഖത്തടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ അടിയന്തര നടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഡി.ജി.പിക്ക് നിർദേശം നൽകിയിരുന്നു. എ.ഡി.ജി.പിയുടെ നിർദേശ പ്രകാരം ദക്ഷിണ മേഖല ഐ.ജി ശ്യാം സുന്ദർ ആണ് പ്രതാപചന്ദ്രനെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്. നിലവിൽ അരൂർ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയാണ് പ്രതാപചന്ദ്രൻ.ക്രിമിനൽ കേസുകളിലെ പ്രതിയാണ് യുവതിയുടെ ഭർത്താവെന്നും മോഷണ കേസിലെ പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോഴാണ് കേസെടുത്തതെന്നുമാണ് സി.ഐ പറയുന്നത്. ഭർത്താവിനെ തിരക്കി കുഞ്ഞുങ്ങളുമായി സ്റ്റേഷനിൽ എത്തിയ യുവതി വനിതാ പൊലീസുകാരെ ഉൾപ്പെടെ തള്ളിമാറ്റി. തുടർന്ന് കുഞ്ഞുങ്ങളെ എറിഞ്ഞു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കുഞ്ഞുങ്ങളുടെ ജീവൻവച്ചു വിലപേശാനാണ് യുവതി തുനിഞ്ഞതെന്നും പ്രതാപചന്ദ്രൻ ആരോപിച്ചിരുന്നു.ഷൈമോളുടെ ഭർത്താവ് ബെൻ ജോ കൊച്ചിയിൽ റിസോർട്ട് നടത്തുകയാണ്. മഫ്തിയിലെത്തിയ പൊലീസ് റിസോർട്ടിന് സമീപത്തുവെച്ച് രണ്ടുപേരെ മർദിക്കുന്നത് മൊബൈലിൽ പകർത്തിയതിനാണ് ബെൻ ജോയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ചത്. സംഭവമറിഞ്ഞ് വിവരം അന്വേഷിച്ച് രണ്ട് കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തിയ ഷൈമോളെ അന്ന് എസ്.എച്ച്.ഒ ആയിരുന്ന പ്രതാപചന്ദ്രനാണ് ക്രൂരമായി മർദിച്ചത്. യുവതിയുടെ നെഞ്ചിൽ പിടിച്ച് തള്ളുന്നതും ശക്തിയായി മുഖത്തടിക്കുന്നതും സി.സി ടി.വി ദൃശ്യത്തിലുണ്ട്. തുടർന്ന്, കൂടുതൽ മർദനത്തിന് ശ്രമിച്ച എസ്.എച്ച്.ഒയെ സഹപ്രവർത്തകർ ബലമായി പിടിച്ചുമാറ്റി. ഈ സമയത്തും എസ്.എച്ച്.ഒ അടക്കം പൊലീസുകാർ യൂനിഫോം ധരിച്ചിരുന്നില്ല. യുവതിയും ഭർത്താവും എസ്.എച്ച്.ഒയെ മർദിച്ചെന്ന് വരുത്താനാണ് പിന്നീട് പൊലീസ് ശ്രമിച്ചത്. സ്റ്റേഷൻ ആക്രമിച്ചു, ക്രമസമാധാനപാലനം തടസ്സപ്പെടുത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഇരുവർക്കുമെതിരെ കേസെടുക്കുകയും ചെയ്തു. ബെൻ ജോയെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു. സംഭവത്തിന്‍റെ സി.സി ടി.വി ദൃശ്യങ്ങൾ പുറത്തുവിടണമെന്ന് ബെൻ ജോയും ഷൈമോളും ആവശ്യപ്പെട്ടെങ്കിലും പൊലീസ് തയാറായില്ല. തുടർന്ന് ഡി.ജി.പിക്കും മനുഷ്യാവകാശ കമീഷനും പരാതി നൽകി. ഒടുവിൽ ഹൈകോടതി ഉത്തരവ് പ്രകാരമാണ് വിവരാവകാശ നിയമമനുസരിച്ച് ദൃശ്യങ്ങൾ പുറത്തുവിട്ടത്. സംഘം ചേർന്ന് മർദിച്ച പൊലീസുകാർ സംഭവം മൂടിവെക്കാൻ ശ്രമിച്ചതായി ഷൈമോൾ പറഞ്ഞു. പ്രതികളെ സ്റ്റേഷനിൽ മർദിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതാപ ചന്ദ്രനെതിരെ മുമ്പും പരാതികൾ ഉയർന്നിരുന്നു. ഇതുമൂലം ‘മിന്നൽ പ്രതാപൻ’ എന്നാണ് ഇയാൾ പൊലീസുകാർക്കിടയിൽ അറിയപ്പെട്ടിരുന്നത്. നിലവിൽ ഇയാൾ അരൂർ പൊലീസ് സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. നീതി ലഭിച്ചതിൽ സന്തോഷം -ഷൈമോൾ ഒരുവർഷത്തെ കാത്തിരിപ്പിനൊടുവിൽ നീതി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് പൊലീസിന്‍റെ ക്രൂരമർദനത്തിനിരയായ ഷൈമോൾ. ഇക്കാലയളവിൽ ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടിവന്നു. സി.സി ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതുകൊണ്ടാണ് തന്‍റെയും ഭർത്താവിന്‍റെയും നിരപരാധിത്വം തെളിയിക്കാൻ കഴിഞ്ഞത്. ഇത് മുന്നോട്ടുള്ള പോരാട്ടത്തിന് ഊർജം പകരും. പൊലീസിനെ ആക്രമിച്ചെന്നും കുഞ്ഞുങ്ങളെ വലിച്ചെറിഞ്ഞു എന്നുമാണ് പൊലീസ് തങ്ങൾക്കെതിരെ ഉയർത്തിയ ആരോപണമെന്നും ഷൈമോൾ പറഞ്ഞു.


