Site icon Newskerala

ബ്രേക്കില്ലാതെ ഉയര്‍ന്ന് നാളികേര വില; ഒരു കിലോ പൊതിച്ച തേങ്ങയ്ക്ക് 70 രൂപ; കൃഷിയിൽ നിന്ന് അകന്ന് കർഷകർ..!

കൊച്ചി : ഓണം കഴിഞ്ഞ് ഒന്നര മാസം പിന്നിട്ടിട്ടും സംസ്ഥാനത്ത് നാളികേര വിലയിൽ കുറവില്ല. ഉത്പാദനക്കുറവും അയൽ സംസ്ഥാനങ്ങളിലെ സംഭരണവും മൂലം നാളികേരത്തിന് വിപണിയിൽ റെക്കോർഡ് വിലയാണ് നിലനിൽക്കുന്നത്.

നിലവിലെ വിലനിലവാരം അനുസരിച്ച്:​മൊത്തവിപണിയിൽ ഒരു കിലോ പൊതിച്ച തേങ്ങയുടെ വില 70 രൂപ.​ചില്ലറ വിപണിയിൽ വില 84 രൂപ. ​പൊതിക്കാത്ത തേങ്ങ ഒന്നിന് 25 മുതൽ 30 രൂപ വരെ. ​കൊപ്ര കിലോയ്ക്ക് മൊത്തവില 230 രൂപ.​കൊട്ടത്തേങ്ങ ഒന്നിന് 25 രൂപ.

തെങ്ങുകൾക്ക് രോഗം ബാധിച്ചതും കാലാവസ്ഥാ വ്യതിയാനം മൂലം വിളവ് നശിച്ചതും കാരണം ഉത്പാദനം ഗണ്യമായി കുറഞ്ഞതാണ് വില വർദ്ധനവിന് പ്രധാന കാരണം. അയൽ സംസ്ഥാനങ്ങളായ കന്യാകുമാരി, പൊള്ളാച്ചി, നാഗർകോവിൽ എന്നിവിടങ്ങളിൽ നിന്നാണ് സംസ്ഥാനത്ത് പല ജില്ലകളിലും തേങ്ങ എത്തുന്നത്.

മലപ്പുറം ജില്ലയിൽ പ്രാദേശികമായി ഇറക്കുമതി ചെയ്യുന്ന തേങ്ങകളാണ് കൂടുതലായുള്ളത്. എന്നാൽ, ഇവിടെയും പ്രാദേശികമായി ലഭിക്കുന്ന തേങ്ങയുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. തമിഴ്നാട്ടിൽ നിന്നുള്ള തേങ്ങയ്ക്ക് വലുപ്പം കൂടുതലാണെങ്കിലും കാമ്പും രുചിയും കുറവാണെന്നും വ്യാപാരികൾ അഭിപ്രായപ്പെടുന്നു.

തെങ്ങുകൾക്ക് രോഗങ്ങൾ വ്യാപിക്കുന്ന സാഹചര്യത്തിൽ, ഉയർന്ന കൂലിച്ചെലവ് താങ്ങാൻ സാധിക്കാത്തതും വളത്തിന്റെ വില വർദ്ധനവും കാരണം നിരവധി കർഷകർ തെങ്ങ് കൃഷി ചെയ്യാൻ മടിക്കുന്ന സാഹചര്യവും നിലവിലുണ്ട്.

അയൽ സംസ്ഥാനങ്ങൾ നിലവിൽ തേങ്ങയുടെ ഇറക്കുമതി കുറച്ച് സംഭരിച്ചുവെക്കുന്നതും വില വർദ്ധനവിന് കാരണമാണെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ലഭ്യതക്കുറവ് കാരണം വിപണിയിൽ ഇടയ്ക്കിടെ കാണാറുണ്ടായിരുന്ന നാളികേര ചന്തകളും അപ്രത്യക്ഷമായിട്ടുണ്ട്.

Exit mobile version