ലഖ്‌നൗ: ഉത്തർ പ്രദേശിൽ രണ്ടര വയസുകാരന്റെ മുറിവിൽ തുന്നലിന് പകരം ഫെവിക്വിക്ക് ഉപയോഗിച്ചെന്ന് പരാതി. ഭാഗേശ്രീ എന്ന സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെയാണ് കുടുംബം പരാതി നൽകിയത്.
ഗുരുതരമായ മെഡിക്കൽ അനാസ്ഥയാണ് ഉണ്ടായതെന്ന് കുടുംബം ആരോപിച്ചു. ജാഗൃതി വിഹാർ പ്രദേശത്തെ സർദാർ ജസ്പീന്ദർ സിങ്ങിന്റെ മകനായ മൻരാജ് സിങ്ങിന് രണ്ടുദിവസം മുമ്പാണ് കളിക്കുന്നതിനിടെ പരിക്കേറ്റത്.
പരിശോധനയ്ക്ക് എത്തിയതിനുപിന്നാലെ കുട്ടിയുടെ പിതാവിനോട് ഫെവിക്വിക്ക് കൊണ്ടുവരാൻ ഡോക്ടർമാർ ആവശ്യപ്പെടുകയായിരുന്നു. ഇത് പൊട്ടിയ ഉപകരണമെന്തെങ്കിലും ഒട്ടിക്കാനാകുമെന്നാണ് കരുതിയതെന്ന് കുട്ടിയുടെ മാതാവ് ഇർവിൻ കൗർ പറഞ്ഞു.
എന്നാൽ മുറിവ് വൃത്തിയാക്കുകപോലും ചെയ്യാതെ കുട്ടിയുടെ മേൽ അത് ഉപയോഗിച്ചെന്നും അവർ കൂട്ടിച്ചേർത്തു.
മാതാപിതാക്കൾ മുറിവ് ഡ്രസ്സ് ചെയ്യണമെന്ന് നിർബന്ധിച്ചപ്പോൾ അത് ആവശ്യമില്ലെന്നായിരുന്നു ഡോക്ടർമാരുടെ മറുപടി.
തുടർന്ന് കുട്ടി രാത്രി മുഴുവൻ കടുത്ത വേദന അനുഭവിക്കുകയും പിന്നീട് കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മൂന്ന് മണിക്കൂർ നീണ്ട ചികിത്സയ്ക്ക് ശേഷം പശ നീക്കം ചെയ്ത് കുട്ടിയുടെ മുറിവ് തുന്നിക്കെട്ടി.
മറ്റൊരു ആശുപത്രിയെ സമീപിച്ചില്ലായിരുന്നെങ്കിൽ സ്ഥിതി ഇതിലും മോശമാകുമായിരുന്നെന്നും കുടുംബം പറഞ്ഞു.
അടുത്ത ദിവസം ആശുപത്രിയിൽ പോയി ഈ ചികിത്സയ്‌ക്കെതിരെ പരാതിപ്പെട്ടിരുന്നു.
എന്നാൽ ഇവിടെ ഒരു വാദത്തിന്റെയും ആവശ്യമില്ലെന്നും തങ്ങൾ ചെയ്തത് ശരിയായ കാര്യമാണെന്നുമായിരുന്നു ജീവനക്കാരുടെ മറുപടി. ഇതിനുശേഷം മാതാപിതാക്കൾ മീററ്റ് സി.എം.ഒയ്ക്ക് പരാതി നൽകി.
വിഷയത്തിൽ ആരോഗ്യവകുപ്പ് ഇടപ്പെട്ട് വിശദമായ അന്വേഷണം ആരംഭിച്ചെന്നാണ് റിപ്പോർട്ടുകൾ.
കുട്ടിയുടെ കുടുംബത്തിൽ നിന്നും തങ്ങൾക്ക് പരാതി ലഭിച്ചെന്നുംവിഷയം ആശങ്കയുള്ളതാണെന്നും സംഭവം അന്വേഷിക്കാൻ അന്വേഷണ സമിതിയെ രൂപീകരിച്ചിട്ടുണ്ടെന്നും മീററ്റ് സി.എം.ഒ ഡോ. അശോക് കടാരിയ പറഞ്ഞു.
അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാൻഡേർഡ് മെഡിക്കൽ പ്രോട്ടോക്കോളുകൾ ലംഘിച്ചിട്ടുണ്ടോയെന്നും എന്നും അന്വേഷണം പരിശോധിക്കുമെന്നും സി.എം.ഒ കൂട്ടിച്ചേർത്തു.


