കണ്ണൂര്‍: പൊതുജനാരോഗ്യ രംഗത്ത് ഗുരുതര പ്രതിസന്ധി സൃഷ്ടിച്ചേക്കാവുന്ന രീതിയിൽ രാജ്യത്ത് ഓൺലൈൻ മരുന്ന് വ്യാപാരം സജീവം. ഡ്രഗ് ലൈസൻസോ മറ്റ് ആധികാരിക രേഖകളോ ഒന്നും ആവശ്യമില്ലാതെ ആർക്കും ഫോൺ വിളിയിലൂടെ ഏത് മരുന്നും വൻതോതിൽ ലഭ്യമാകും. ഗുണമേന്മാ പരിശോധന പോലും നടത്താതെയാണ് മരുന്നുകളുടെ ഓൺലൈൻ വ്യാപാരം . രോഗം മാറാൻ കഴിക്കുന്ന മരുന്നുകളെപ്പറ്റി നമുക്കാർക്കും അവിശ്വാസം ഒന്നും ഉണ്ടാകാൻ സാധ്യതയില്ല.എന്നാൽ അത്രക്ക് അങ്ങ് കണ്ണടച്ച് വിശ്വസിക്കാൻ പറ്റുന്നതല്ല പുതിയ കാലത്തെ മരുന്നുകളുടെ ലോകം.കഫ് സിറപ്പ് കുടിച്ച് 26 കുട്ടികൾ മരിച്ച നാട്ടിൽ മരുന്ന് വ്യാപാരം അപകടരമായ രീതിയിൽ ആണ് മുന്നോട്ട് പോകുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ആവശ്യക്കാരെ കണ്ടെത്തിയുള്ള വ്യാപാരം പൊടിപൊടിക്കുകയാണ് നാട്ടിൽ. ഓൺലൈൻ വിപണിയിൽ ആർക്കും ഏത് മരുന്നും ഒരു നിയന്ത്രണവും കൂടാതെ സംഭരിക്കാം. സാമ്പത്തിക നേട്ടം മാത്രം ലക്ഷ്യമിട്ട് ചട്ടങ്ങൾ എല്ലാം അട്ടിമറിച്ചാണ് ഓൺലൈൻ മരുന്ന് വ്യാപാരം.ക്ലിനിക്കുകൾ ഒഴികെ മറ്റെവിടെയും മരുന്ന് സംഭരിക്കുന്നതിന് ഡ്രഗ് ലൈസൻസ് അനിവാര്യമാണ്. എന്നാൽ ആവശ്യക്കാർക്ക് യാതൊരു മാനദണ്ഡവും പാലിക്കാതെ മരുന്നുകൾ എത്തിച്ച് കൊടുക്കുന്ന സംഘത്തിൻ്റെ കേന്ദ്രം ഉത്തരേന്ത്യയാണ്.ലൈസൻസോ മറ്റ് രേഖകളോ ഒന്നും മരുന്ന് വ്യാപാരത്തിന് ആവശ്യമേ ഇല്ലെന്ന് തെളിയിക്കുന്നതാണ് ഓൺലൈൻ മരുന്ന് വിപണിയിലെ ഇടപാട് . മുൻകൂറായി പണമടച്ച് തുടങ്ങുന്ന വ്യാപാരം ക്രഡിറ്റ് നൽകി. വളരുമ്പോൾ പ്രതിസന്ധിയിലാകുന്നത് പാവം രോഗികളാണ്.മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താനും വിപണിയിൽ ഇടപെടാനും ആരോഗ്യ വകുപ്പിന് കീഴിൽ ഡ്രഗ് കൺട്രോൾ വിഭാഗം പ്രത്യേകമായുണ്ട്. എന്നാൽ പുതിയ കാലത്ത് ഈ സംവിധാനങ്ങളെ എല്ലാം നോക്കുകുത്തിയാക്കിയാണ് ഓൺലൈൻ മരുന്ന് വിപണി പിടിമുറുക്കുന്നത്.


