തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് എടുത്തത് പരിഹാസ്യമായ നടപടി ആണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. സ്ത്രീ സമൂഹത്തോട് എന്തെങ്കിലും പ്രതിബദ്ധത ഉണ്ടെങ്കിൽ രാഹുലിന്റെ നിയമസഭാ സാമാജികത്വം രാജിവെപ്പിക്കണം എന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.രാഹുലിനെ പുറത്താക്കി കോൺഗ്രസ് ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ്, പാർട്ടിക്ക് അകത്തുള്ള സമയത്ത് രാജിവെപ്പിക്കണമായിരുന്നു എന്നും അദ്ദേഹം ആവശ്യപ്പെട്ടു.“കോൺഗ്രസിൽ നിന്നും പുറത്താക്കിയല്ലോ എന്ന് പറയുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ്.രാഹുലിന്റെ രാഷ്‌ട്രീയ ഗുരുക്കളും സംശയത്തിന്റെ നിഴലിലാണ്. രാഹുലിന്റെ പല തെറ്റായ പ്രവർത്തികളും ഇവരുടെ അറിവോടെയാണ്. എല്ലാം അറിഞ്ഞുകൊണ്ട് കോൺഗ്രസിലെ പല നേതാക്കളും തെറ്റുകൾക്ക് കൂട്ടുനിൽക്കുകയായിരുന്നു.രാഹുൽ മാങ്കൂട്ടത്തിന്റെ സന്തതസഹചാരിയും മെന്ററുമായ ഷാഫി പറമ്പിൽ, വിഡി സതീശൻ, ഉൾപ്പെടെയുള്ളവർക്ക് പരാതി നേരത്തെ ലഭിച്ചിരുന്നു. ഇത്രയും കാലം രാഹുലിനെ നിയമസഭാ സാമാജികനായി സംരക്ഷിക്കുന്നതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് കോൺഗ്രസിന് കൈയ്യൊഴിയാനാവില്ല. ഇപ്പോൾ ചെയ്തത് ആളുകളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണ്.രാഹുലിനെ അറസ്റ്റ് ചെയ്യാൻ സർക്കാരിന് കഴിയാത്തതല്ല. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് കൊണ്ട് നീട്ടിക്കൊണ്ടു പോയതാണ്. അറസ്റ്റ് നീട്ടി എട്ടാം തീയതി വരെ കൊണ്ടുപോകാനുള്ള തന്ത്രമാണ്. പോലീസിന്റെ സർവൈലൻസിൽ തന്നെയാണ് രാഹുൽമാങ്കൂട്ടത്തിൽ ഉള്ളത്. അറസ്റ്റ് വൈകിപ്പിച്ചതിന്റെ ഉത്തരവാദിത്വം പോലീസിനും സർക്കാരിനുമാണ്”, കെ സുരേന്ദ്രൻ പറഞ്ഞു.


