എറണാകുളം: വന്ദേഭാരത് ഉദ്ഘാടനത്തിൽ വിദ്യാർത്ഥികളെ കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിച്ച സംഭവത്തെ ന്യായീകരിച്ച് കോൺഗ്രസ് നേതാവ് എൻ.എസ് നുസൂർ. അത് വിവാദ ഗാനം അല്ല. താൻ നേരത്തെയും ഇപ്പോഴും ആലപിക്കുന്ന ഗാനമാണ്. ആർഎസ്എസ് ആലപിക്കുന്ന ഗാനങ്ങൾ എല്ലാം അവരുടേതല്ലെന്നും നുസൂർ ഫേസ്ബുക്കിൽ കുറിച്ചു.വന്ദേഭാരതിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടത്തിയ സ്പെഷ്യൽ സർവീസിൽ സ്കൂൾ വിദ്യാർഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ചത് വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയടക്കം വിമർശനവുമായി രംഗത്തുവന്നിരുന്നു. ഇതിനിടെയാണ് കോൺഗ്രസ് നേതാവായ എൻ.എസ് നുസൂർ ന്യായീകരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. യൂത്ത് കോൺഗ്രസിന്റെ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ് നുസൂർ.’ഇത് വിവാദഗാനം അല്ല. താൻ നേരത്തെയും ആലപിക്കുന്ന ഗാനമാണ് കുട്ടികൾ ഇന്നലെ പാടിയത്. ഗാനം ആർഎസ്എസിന് തീറെഴുതി കൊടുക്കേണ്ടതില്ല.’ ആർഎസ്എസ് ആലപിക്കുന്ന ഗാനങ്ങളെല്ലാം അവരുടേതല്ലെന്നും നുസൂർ ഫേസ്ബുക്കിൽ എഴുതി.’താനിതിനെ ആർഎസ്എസിന്റെ ഗണഗീതമായിട്ടല്ല കാണുന്നത്. കുട്ടികളുടെ ഗാനം കേട്ടപ്പോ എന്റെ കുട്ടിക്കാലമാണ് എനിക്കോർമ വന്നത്. ഭാരത് സ്കൗട്ട് ക്യാമ്പിൽ പങ്കെടുക്കുമ്പോഴൊക്കെ ഈ ഗാനം ഞങ്ങൾ പാടാറുണ്ട്. ഒട്ടനവധി കലോത്സവങ്ങളിൽ ഇത് ഞാനും പാടിയിട്ടുണ്ട്. ആർഎസ്എസ് ഇതിനെ തീറെഴുതിയെടുത്തിരിക്കുകയാണ്. പാട്ടിനകത്തെ ഭഗത് സിങ് ആർഎസ്എസുകാരനാണോ? ശ്രീരാമ പരമഹംസൻ അവരിൽ പെട്ടയാളാണോ? ശ്രീനാരായണ ഗുരുവും വിവേകാനന്ദനും ഒന്നും ആർഎസ്എസുകാരല്ലല്ലോ? ഭാരതത്തിന്റെ പൈതൃകം വിളിച്ചോതുന്ന ഇത്തരം ഗാനങ്ങളെ അങ്ങനെ വിവാദമാക്കേണ്ട കാര്യമില്ലല്ലോ’ നുസൂർ മാധ്യമങ്ങളോട് പറഞ്ഞു.പലതും ഏറ്റെടുക്കാനുള്ള ആർഎസ്എസിന്റെ ശ്രമങ്ങളെ സഹായിക്കുന്ന തരത്തിൽ ഈ പാട്ടും എന്തിനാണ് അവരുടെ തലയിൽ വെച്ചുകെട്ടുന്നതെന്നും നുസൂർ ചോദിച്ചു.കേരളത്തിന് പുതുതായി അനുവദിച്ച എറണാകുളം- ബംഗളൂരു വന്ദേഭാരതിന്റെ ഉദ്ഘാടനത്തിനോടനുബന്ധിച്ചാണ് സ്കൂൾ വിദ്യാർഥികൾ ഗണഗീതം പാടിയത്. സംഭവത്തെ വിമർശിച്ചുകൊണ്ട് നിരവധിപേരാണ് ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്.


