Site icon Newskerala

പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു… നവരാത്രി ആഘോഷങ്ങള്‍ക്കിടെ ഇരുട്ടടി

പാചക വാതക വില വര്‍ധിപ്പിച്ചു. എണ്ണക്കമ്ബനികളുടെ പതിവ് വില പരിഷ്‌കരണത്തിന്റെ ഭാഗമായാണ് നടപടി. വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന 19 കിലോ ഗ്രാം എല്‍ പി ജി സിലിണ്ടറിന്റെ വിലയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.സിലിണ്ടര്‍ ഒന്നിന് 15 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. രാജ്യം നവരാത്രി, ദസറ ആഘോഷങ്ങളില്‍ മുഴുകിയിരിക്കുമ്ബോഴുള്ള വില വര്‍ധനവ് ഹോട്ടല്‍, റെസ്‌റ്റോറന്റ് വിപണികള്‍ക്ക് തിരിച്ചടിയായി.അതേസമയം 14 കിലോ ഗ്രാം ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമൊന്നുമില്ല. എണ്ണക്കമ്ബനികള്‍ കഴിഞ്ഞ ആറ് മാസമായി വാണിജ്യ സിലിണ്ടറിന്റെ നിരക്ക് കുറച്ചിരുന്നു. കൊച്ചിയില്‍ എല്‍ പി ജി സിലിണ്ടറിന് വില 1,602.5 രൂപയായി. തിരുവനന്തപുരത്ത് 1,623.5 രൂപയും കോഴിക്കോട്ട് 1,634.5 രൂപയും ആണ് വില. പ്രാദേശിക നികുതി, ഗതാഗത ചെലവ് എന്നിവയുടെ അടിസ്ഥാനത്തിലാണ് നഗരങ്ങളില്‍ വ്യത്യസ്ത വില അനുഭവപ്പെടുന്നത്.

പുതുക്കിയ വില അനുസരിച്ച്‌ ഡല്‍ഹിയില്‍ ഇനി മുതല്‍ 1595.50 രൂപയായിരിക്കും വാണിജ്യാവശ്യത്തിനുള്ള എല്‍ പി ജി സിലിണ്ടറിന്റെ വില. 1580 രൂപയായിരുന്നു പഴയ വില. കൊല്‍ക്കത്തയില്‍ 16 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ 1684 രൂപയില്‍ നിന്ന് 1700 രൂപയായി വില വര്‍ധിച്ചു. മുംബൈയില്‍ 1531 രൂപയില്‍ നിന്ന് 1547 രൂപയായും ചെന്നൈയില്‍ 1738 രൂപയില്‍ നിന്ന് 1754 രൂപയായും വില വര്‍ധിച്ചു.വാണിജ്യ സിലിണ്ടറിന് ഏപ്രിലില്‍ 43 രൂപ, മേയില്‍ 15 രൂപ, ജൂണില്‍ 25 രൂപ, ജൂലൈയില്‍ 57.5 രൂപ, ഓഗസ്റ്റില്‍ 34.5, സെപ്റ്റംബറില്‍ 51.5 രൂപ എന്നിങ്ങനെയായിരുന്നു എണ്ണക്കമ്ബനികള്‍ കുറച്ചിരുന്നത്. രാജ്യാന്തര ക്രൂഡ് ഓയില്‍ വില വിലയിരുത്തിയാണ് ഓരോ മാസവും എണ്ണക്കമ്ബനികള്‍ വില പരിഷ്‌കരിക്കുന്നത്. അതേസമയം ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില കൊച്ചിയില്‍ 860 രൂപയാണ്.കോഴിക്കോട്ട് 861.5 രൂപ, തിരുനന്തപുരത്ത് 862 രൂപ എന്നിങ്ങനെയാണ് വില. 2024 മാര്‍ച്ച്‌ എട്ടിനായിരുന്നു ഗാര്‍ഹിക സിലിണ്ടറിന് ഏറ്റവുമൊടുവില്‍ വില പരിഷ്‌കരിച്ചത്. ആ വര്‍ഷത്തെ വനിതാദിനത്തില്‍ വീട്ടമ്മമാര്‍ക്കുള്ള സമ്മാനമെന്നോണം 100 രൂപയാണ് സിലിണ്ടറിന് കുറച്ചത്. എന്നാല്‍ പിന്നീട് വാണിജ്യ സിലിണ്ടറിന് വില തുടര്‍ച്ചയായി കുറച്ചിട്ടും വീട്ടാവശ്യത്തിനുള്ള സിലിണ്ടര്‍ വില കുറയ്ക്കാന്‍ എണ്ണക്കമ്ബനികള്‍ തയാറായിരുന്നില്ല.

ഇന്ത്യയില്‍ 90% എല്‍പിജിയും ഉപയോഗിക്കുന്നത് വീടുകളില്‍ പാചകാവശ്യത്തിന്. എണ്ണക്കമ്ബനികളുടെ കണക്കുപ്രകാരം കേരളത്തില്‍ മാത്രം ഒരുകോടിയോളം എല്‍പിജി ഉപഭോക്താക്കള്‍ ആണ് ഉള്ളത്.

Exit mobile version