Spot lightWorld

എതിർഘടികാര ദിശയിൽ ഭീമൻ ചുഴലി; ബോംബ് ചുഴലിക്കാറ്റിന്‍റെ ഉപഗ്രഹ ചിത്രം പുറത്ത്, 6 ലക്ഷം വീടുകളിൽ വൈദ്യുതിയില്ല

കാലിഫോർണിയ: ബോംബ് ചുഴലിക്കാറ്റെന്ന ഭീമൻ ചുഴലി രൂപപ്പെടുന്ന ഉപഗ്രഹ ചിത്രം പുറത്ത്. കാലിഫോർണിയ ലക്ഷ്യമാക്കി ചുഴലിക്കാറ്റ് നീങ്ങുന്ന ചിത്രമാണ് പുറത്തുവന്നത്. നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷനിൽ നിന്നുള്ള ഉപഗ്രഹ ചിത്രമാണ് കൊടുങ്കാറ്റിന്‍റെ ഭീകരത വ്യക്തമാക്കുന്നത്. അമേരിക്കയിലെ വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ നാശം വിതയ്ക്കുമെന്നാണ് മുന്നറിയിപ്പ്. ആറ് ലക്ഷത്തോളം വീടുകളിൽ നിലവിൽ വൈദ്യുതബന്ധം നഷ്ടമായി. ഒരാൾ മരിച്ചതായും റിപ്പോർട്ടുണ്ട്.  ചിത്രത്തിൽ എതിർ ഘടികാര ദിശയിലാണ് ബോംബ് ചുഴലിക്കാറ്റ് നീങ്ങുന്നത്. അസാധാരണമാംവിധം ശക്തമാണെങ്കിലും തീരത്ത് നിന്നുള്ള അകലം  ആഘാതത്തെ ഒരു പരിധി വരെ മയപ്പെടുത്തി. മരങ്ങൾ കടപുഴകി വീണാണ് വൈദ്യുതബന്ധം തടസ്സപ്പെട്ടത്. വാഷിങ്ടണ്‍, ഓറിഗോണ്‍, കാലിഫോർണിയ തുടങ്ങിയ പ്രദേശങ്ങളിലാണ് വൈദ്യുത ബന്ധം തടസ്സപ്പെട്ടത്.  വളരെ പെട്ടെന്ന് തന്നെ സ്വഭാവം മാറുന്ന ചുഴലിക്കാറ്റുകളുടെ വിഭാഗത്തിലുള്ളതാണ് ബോംബ് ചുഴലിക്കാറ്റ്. ഭൂമിയിലേക്ക് പതിക്കുന്ന ജലത്തിന്‍റെ തോത് അനുസരിച്ച് വിവിധ വിഭാഗങ്ങളാക്കിയാണ് ചുഴലിക്കാറ്റിനൊപ്പമുള്ള പേമാരിയെ വിശേഷിപ്പിക്കുന്നത്. വലിയ രീതിയിൽ മഴ കൊണ്ടുവരുന്ന ഗണത്തിലാണ് ഈ ചുഴലിക്കാറ്റും ഉൾപ്പെടുന്നത്. ‘ബോംബോജെനിസിസ്’ എന്ന കാലാവസ്ഥാ പദത്തില്‍ നിന്നാണ് ബോംബ് സൈക്ലോണ്‍ എന്ന വാക്ക് ഉത്ഭവിച്ചത്. കൊടുങ്കാറ്റിന്‍റെ ശക്തിയെ സൂചിപ്പിക്കാനാണ് ഈ വാക്ക് തെരഞ്ഞെടുത്തതെന്ന് ഫോക്സ് ന്യൂസ് കാലാവസ്ഥാ നിരീക്ഷകന്‍ ആബി അക്കോണ്‍ പറഞ്ഞു. മണിക്കൂറിൽ 121 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് വീശുന്നത്. തീര മേഖലകളിൽ വലിയ രീതിയിൽ തിരമാലകൾ ഉയരുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.  അടുത്ത ഏതാനും ദിവസങ്ങളിൽ വടക്കുപടിഞ്ഞാറൻ പസഫിക്കിന്‍റെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വാഷിംഗ്ടണിന്റെ പടിഞ്ഞാറൻ മേഖല മുതൽ ഒറിഗോൺ മേഖല വരെ ശക്തമായ മഞ്ഞ് വീഴ്ചയും തുടങ്ങിയിട്ടുണ്ട്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button