ആലപ്പുഴ: കുട്ടനാട്ടിൽ യുവതിയെ കൊലപ്പെടുത്തി കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. നിലമ്പൂർ മുതുത്തോട് പൂക്കോടൻ വീട്ടിൽ പ്രബീഷിനെയാണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി വധശിക്ഷക്ക് വിധിച്ചത്. പുന്നപ്ര തെക്കേമഠം വീട്ടിൽ അനിതാ ശശിധരനെ കാമുകനും വനിതാ സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. ഒന്നാം പ്രതി പ്രബീഷും രണ്ടാം പ്രതിയായ കൈനകരി തോട്ടുവാത്തല പടിഞ്ഞാറ് പതിശേരി വീട്ടിൽ രജനിയും കുറ്റക്കാരാണെന്ന് കോടതി ഉത്തരവിട്ടിരുന്നു.
2021 ജൂലായ് ഒൻപതിനാണ് പള്ളാത്തുരുത്തിക്കു സമീപം ആറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം അനിതയുടേതാണെന്ന് തിരിച്ചറിഞ്ഞത്. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ അനിതയെ പ്രബീഷും രജനിയും ചേർന്ന് കൊലപ്പെടുത്തി എന്നാണ് കേസ്. കൊല്ലപ്പെടുന്ന സമയത്ത് ആറുമാസം ഗർഭിണിയായിരുന്നു യുവതി.
112 സാക്ഷികൾ ഉണ്ടായിരുന്ന കേസിൽ 82 പേരെ വിസ്തരിച്ചു. 131 രേഖകളും ഫൈബർ വള്ളം അടക്കം 53 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. രജനിയുടെ അമ്മ മീനാക്ഷിയടക്കം പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി മൂന്ന് ജഡ്ജി എം. ഷുഹൈബ് മുൻപാകെയാണു വിചാരണ പൂർത്തിയാക്കിയത്.
നെടുമുടി എസ്ഐ ടി.വി. കുര്യൻ രജിസ്റ്റർ ചെയ്‌ത കേസിൽ സിഐ എ.വി. ബിജുവാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.ബി. ഷാരി പ്രോസിക്യൂഷനു വേണ്ടി ഹാജരായി. സിവിൽ പോലീസ് ഓഫീസർമാരായ സുബീഷ്, സി. അമൽ എന്നിവർ വിചാരണ നടപടികൾ ഏകോപിപ്പിച്ചു.
ഒന്നാം പ്രതിയായ പ്രബീഷ് തവനൂർ സെൻട്രൽ ജയിലിലാണ്. ജാമ്യത്തിൽ ആയിരുന്ന രണ്ടാം പ്രതി രജനിയെ എൻഡിപിഎസ് കേസിൽ ഒഡിഷ പോലീസ് അറസ്റ്റുചെയ്‌ത് റായ്ഘട്ട് ജയിലിൽ റിമാൻഡിൽ ആണ്.
പിസി ന്യൂസ് വാർത്ത,
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഡ്രൈവർ പ്രബീഷും രജനിയും ഏറെനാളായി ഒന്നിച്ചാണ് താമസിക്കുന്നത്. ഇതിനിടെ ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞ അനിതയെ പാലക്കാടുവെച്ച് പ്രബീഷ് പരിചയപ്പെട്ടു. പിന്നീട് ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച അനിത ഇയാളുമായി ഒന്നിച്ച് പലസ്ഥലങ്ങളിൽ താമസിച്ചു. ഗർഭിണിയായതോടെ വിവാഹം ചെയ്യണമെന്ന് അനിത ആവശ്യപ്പെട്ടെങ്കിലും താൽപര്യമില്ലെന്ന് പ്രബീഷ് അറിയിച്ചു.
ആറുമാസം ഗർഭിണിയായ അനിതയെ പൂർണമായും ഒഴിവാക്കാൻ തീരുമാനിച്ചതോടെ രജനിയുമായി കൂടുതൽ അടുത്തു. ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് രജനിയുമായി ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തു. ഇതിനായി രജനിയുടെ വീട്ടിലേക്ക് തന്ത്രപരമായി അനിതയെ വിളിച്ചുവരുത്തി. ലൈംഗികബന്ധത്തിനിടെ ബലമായി കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് രാത്രിയോടെ മൃതദേഹം വള്ളത്തിൽ കയറ്റി പള്ളാത്തുരുത്തി ഭാഗത്തെ കായലിൽ തള്ളുകയായിരുന്നു.
പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനത്തിൽ കൊലപാതക സൂചന നെടുമുടി പൊലീസിന് കിട്ടിയിരുന്നു. തുടർന്ന് എസ്.പിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ തിരിച്ചറിഞ്ഞു. അനിതയുടെ ഫോൺരേഖകൾ പരിശോധിച്ചാണ് പ്രബീഷിലേക്ക് അതിവേഗം എത്തിയത്. തെളിവ് നശിപ്പിക്കുന്നതിന് പ്രബീഷ് സ്വന്തം മൊബൈൽ ഫോൺ ആലപ്പുഴയിലെ ഒരു കടയിൽ വിറ്റ് കാശാക്കി. ഇതിനുശേഷം രജനിയുമൊത്ത് നാടുവിടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നു.

